പത്തനംതിട്ട നഗരസഭയിലെ സിപിഎം-എസ്.ഡി.പി.ഐ ധാരണ; പരസ്യ പ്രതികരണവുമായി സിപിഐ രംഗത്ത്

പത്തനംതിട്ട: പത്തനംതിട്ട നഗരസഭയിലെ സി.പി.ഐ.എം- എസ്.ഡി.പി.ഐ ധാരണക്കെതിരെ പരസ്യ പ്രതികരണവുമായി സി.പി.ഐ. ഇരുപാര്‍ട്ടികളും തമ്മില്‍ തെരഞ്ഞെടുപ്പിന് മുമ്പും പിമ്പും രഹസ്യ ധാരണയുണ്ടായിരുന്നെന്നും ഭരണ സമിതി സ്റ്റാന്റിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പുകള്‍ മുന്നണിയില്‍ ആലോചിക്കാതെയാണ് നടന്നതെന്നും സി.പി.ഐ നേതാക്കള്‍ പറഞ്ഞു. അതേസമയം, ഇന്നലെ നടന്ന സ്റ്റാന്റിംഗ് കമ്മറ്റി തെരഞ്ഞെടുപ്പില്‍ നിന്ന് സി.പി.ഐ അംഗം വിട്ടുനിന്നു.

സി.പി.ഐ.എം- എസ്.ഡി.പി.ഐ രഹസ്യ ധാരണയനുസരിച്ച് പത്തനംതിട്ട നഗരസഭരണം മുന്നോട്ട് പോകുന്നതിനിടെയാണ് പരസ്യ പ്രതികരണവുമായി സി.പി.ഐ രംഗത്തുവന്നിരിക്കുന്നത്. മൂന്ന് അംഗങ്ങള്‍ മാത്രമുള്ള എസ്.ഡി.പി.ഐക്ക് കായികം, വിദ്യാഭ്യാസം സ്ഥിരസമിതിയിലെ ചെയര്‍മാന്‍ സ്ഥാനം ലഭിച്ചത് സി.പി.ഐ.എം അറിവോടെയാണന്നും ഇത് സംബന്ധിച്ച് മുന്നണിയില്‍ യാതൊരു ആലോചനകളും നടന്നില്ലെന്നും സി.പി.ഐ നേതാക്കള്‍ പറഞ്ഞു. എല്‍.ഡി.എഫ് യോഗത്തില്‍ നടന്ന ചര്‍ച്ചകളില്‍ നഗരസഭ ചെയര്‍മാന്‍ സക്കീര്‍ ഹുസൈന്‍ എസ്.ഡി.പി.ഐയെ അനുകൂലിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും ഇത് മുന്നണി തീരുമാനങ്ങള്‍ക്ക് നിരക്കാത്തതാണന്നും സി.പി.ഐ വിശദീകരിച്ചു.