Wednesday, June 23, 2021
Home News Kerala സി പി ഐ മന്ത്രിമാരെല്ലാം പുതുമുഖങ്ങൾ; മന്ത്രിസഭാ രൂപീകരണ ചർച്ചകൾ അന്തിമ ഘട്ടത്തിലേക്ക്

സി പി ഐ മന്ത്രിമാരെല്ലാം പുതുമുഖങ്ങൾ; മന്ത്രിസഭാ രൂപീകരണ ചർച്ചകൾ അന്തിമ ഘട്ടത്തിലേക്ക്

രണ്ടാം പിണറായി സർക്കാരിന്റെ മന്ത്രി സഭ രൂപീകരണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാകുന്നു. പുതുമുഖങ്ങളെ മന്ത്രിസഭയിലെത്തിക്കുക എന്ന പ്രധാന ഉത്തരവാദിത്തമാണ് ഇത്തവണ സർക്കാർ ഏറ്റെടുത്തിരിക്കുന്നത്. ഒരു തവണ മന്ത്രിയായവരെ പരിഗണിക്കേണ്ടെന്ന നിലപാടിന്റെ അടിസ്ഥാനത്തിൽ മുൻ റവന്യു മന്ത്രി ചന്ദ്രശേഖരനും ഇത്തവണ മന്ത്രിപദത്തിലേക്കെത്തില്ല. ഇതോടെ സിപിഐ മന്ത്രിമാരെല്ലാം പുതുമുഖങ്ങളാകും. നാല് മന്ത്രിമാരാണ് സിപിഐക്ക് അനുവദിച്ചിരിക്കുന്നത്. സിപിഐഎമ്മിന് 12 മന്ത്രിസ്ഥാനവും സ്പീക്കർ പദവിയും ലഭിക്കും. കഴിഞ്ഞ മന്ത്രിസഭയിൽ സിപിഐഎമ്മിന് 13 മന്ത്രിമാരുണ്ടായിരുന്നു. സിപിഐയ്ക്ക് നാല് മന്ത്രിമാരും ഡെപ്യൂട്ടി സ്പീക്കർ പദവിയുമാണ് നൽകുക. കേരളാ കോൺഗ്രസ് എമ്മിന് ഒരു മന്ത്രി, ചീഫ് വിപ്പ് എന്നിവ നൽകും. എൻസിപി, ജനതാദൾ എസ് പാർട്ടികൾക്ക് ഓരോ മന്ത്രിസ്ഥാനവും ലഭിക്കും. എൽജെഡിക്ക് മന്ത്രിയില്ല. സർക്കാർ രൂപികരിച്ചതിന് ശേഷം ആവശ്യമായ പദവികൾ നൽകാനാണ് തീരുമാനം.

ഇ ചന്ദ്രശേഖരനെ മാറ്റി നിർത്തുന്നതോടെ ചേർത്തലയിൽനിന്ന് ജയിച്ച പി പ്രസാദിനും ഒല്ലൂരിൽ നിന്ന് ജയിച്ച കെ രാജനും മന്ത്രിസഭയിൽ സ്ഥാനം ഏകദേശം ഉറപ്പായി. ജെ ചിഞ്ചുറാണി, പി.എസ് സുപാൽ എന്നീവയാണ് മന്ത്രിസ്ഥാനത്തേക്ക് സജീവമായി ഉയർന്ന് കേൾക്കുന്ന രണ്ട് പേരുകളൾ. ജി.ആർ അനിലും ഇ.കെ വിജയൻ എന്നിവരുടെ പേരും പരിഗണനയിലുണ്ട്. ചിറ്റയം ഗോപകുമാറിനെ ഡെപ്യൂട്ടി സ്പീക്കർ പദവിയിലേക്കാണ് പരിഗണിക്കുന്നത്. ചൊവ്വാഴ്ച ചേരുന്ന സിപിഐ സംസ്ഥാന കൗൺസിലിൽ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് സൂചന.

ഒരു വനിതാ മന്ത്രിയെന്ന തീരുമാനത്തിലേക്കും സിപിഐ എത്തിയെന്നാണ് സൂചന. സിപിഐ ദേശീയ കൗൺസിൽ അംഗം ജെ ചിഞ്ചുറാണിക്കാണ് സാധ്യത. അങ്ങനെയെങ്കിൽ 1964 ലെ പിളർപ്പിന് ശേഷം സിപിഐയിൽ നിന്നും ഉണ്ടാവുന്ന ആദ്യ വനിതാ മന്ത്രിയാവും ചിഞ്ചുറാണി. ചടയമംഗലത്ത് നിന്നുമാണ് ചിഞ്ചുറാണി നിയമസഭയിലേക്ക് എത്തുന്നത്. ഇ ചന്ദ്രശേഖരൻ, വിഎസ് സുനിൽ കുമാർ, കെ രാജു, പി തിലോത്തമൻ എന്നിവരായിരുന്നു ഒന്നാം പിണറായി സർക്കാറിലെ സിപിഐ മന്ത്രിമാർ. ഇതിൽ ഇ ചന്ദ്രശേഖരൻ മാത്രമാണ് ഇത്തവണ മത്സര രംഗത്ത് ഉണ്ടായിരുന്നത്.

Most Popular