Thursday, July 29, 2021
Home News International ദിവസേനയുള്ള മൗത്ത് വാഷ് ഉപയോഗം കൊറോണ വൈറസ് വ്യാപന നിരക്ക് കുറയ്ക്കുമെന്ന് പഠനം

ദിവസേനയുള്ള മൗത്ത് വാഷ് ഉപയോഗം കൊറോണ വൈറസ് വ്യാപന നിരക്ക് കുറയ്ക്കുമെന്ന് പഠനം

ലണ്ടൻ: കൊറോണ വൈറസ് വ്യാപനത്തിനെതിരായുള്ള പോരാട്ടത്തിനായി ലോകത്തിന്റെ നാനാഭാഗത്തും വിവിധതരം പരീക്ഷണങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്. വിപണിയിൽ ലഭ്യമായ മൗത്ത് വാഷ് ഉപയോഗിക്കുന്നത് വൈറസ് വ്യാപനനിരക്ക് കുറയ്ക്കാൻ സഹായകമാകുമെന്നാണ് ഒരു സംഘം ജർമ്മൻ ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ.

രോഗബാധിതരുടെ വായിലെ സ്രവത്തിലും തൊണ്ടയിലുമായിരിക്കും ഉയർന്ന തോതിൽ വൈറസ് ഉണ്ടാകുന്നതെന്നും ഫലപ്രദമായ മൗത്ത് വാഷുകളുടെ ഉപയോഗം വൈറസ് ലോഡ് കുറച്ച് കൊറോണ വൈറസ് പകരാനുള്ള സാധ്യത കുറയ്ക്കുന്നതിന് സഹായിക്കുമെന്നും ജേണൽ ഓഫ് ഇൻഫെക്റ്റിയസ് ഡിസീസസിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ
പറയുന്നു.

‘മൗത്ത് വാഷ് ഉപയോഗിച്ച് ഗാർഗിൾ ചെയ്യുന്നത് മൂലം കോശങ്ങൾ വൈറസ് ഉത്പാദിപ്പിക്കുന്നത് തടയാനാകില്ല. പക്ഷേ ഉത്പാദിപ്പിക്കപ്പെട്ട വൈറസിനെ കുറച്ചു സമയത്തേക്ക് പ്രവർത്തനരഹിതമാക്കാൻ കഴിയും’. പഠന ഗവേഷകനായ ടോണി മീസ്റ്റർ പറഞ്ഞു. പഠനത്തിനായി, ജർമ്മനിയിലെ മരുന്നുകടകളിൽ ലഭ്യമായ വ്യത്യസ്തമായ എട്ട് തരം മൗത്ത് വാഷുകൾ ഗവേഷണ സംഘം പരീക്ഷിച്ചു.

അതേസമയം, കോവിഡ് -19 ചികിത്സക്കായി ഉപയോഗിക്കേണ്ട മരുന്നല്ല മൗത്ത് വാഷുകൾ എന്നും, വൈറസ് ബാധിച്ച രോഗികളിൽ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പകരുന്നതിന്റെ വ്യാപ്തി തരതമ്യേന കുറയ്ക്കാൻ മാത്രമേ സാധിക്കുകയുള്ളൂവെന്നും ഗവേഷകർ പഠനത്തിൽ പറയുന്നുണ്ട്.

ഇത് പ്രാഥമികനിഗമനം മാത്രമാണെന്നും ഇനിയും കൂടുതൽ പരീക്ഷണങ്ങളിലൂടെ മാത്രമേ ക്ലിനിക്കലിയുള്ള ഉപയോഗസാധ്യത കണ്ടെത്താനാകൂ എന്നും പഠനം ഉപസംഹരിക്കുന്നു.

Most Popular