ഭോപ്പാൽ: മധ്യപ്രദേശിൽ കൂട്ടബലാത്സംഗത്തിന് ഇരയായ ദലിത് യുവതി പരാതി നൽകിയിട്ടും കേസെടുക്കാത്തതിനെ തുടർന്ന് ജീവനൊടുക്കി. നാല് ദിവസങ്ങൾക്ക് മുമ്പ് മൂന്ന് പേർ ചേർന്ന് ക്രൂരമായി ബലാത്സംഗം ചെയ്ത 33കാരിയെ വെള്ളിയാഴ്ച നർസിങ്പൂർ ജില്ലയിലെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പരാതി നൽകിയിട്ടും പോലീസ് കേസെടുക്കാത്തതിൽ മനംനൊന്താണ് യുവതി ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ ആരോപിച്ചു.
ബലാത്സംഗ പരാതിയിൽ കേസെടുക്കുന്നതിന് പകരം പരാതി നൽകാനെത്തിയ യുവതിയുടെ ഭർത്താവിനേയും ബന്ധുക്കളേയും പോലീസ് ഔട്ട്‌പോസ്റ്റിൽ തന്നെ തടഞ്ഞുവെച്ചുവെന്നും അടുത്ത ദിവസമാണ് ഇവരെ വിട്ടയച്ചതെന്നും ബന്ധു പറഞ്ഞു.
സംഭവം വിവാദമായതോടെ യുവതിയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഇന്നലെയാണ് കേസ് രജിസ്റ്റർ ചെയ്തത്. രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു. ഒരാളെ ഇനിയും പിടികൂടാനുണ്ട്.
ഇന്നലെ വീടിന് സമീപം വെള്ളമെടുക്കാൻ പോയ യുവതിയെ അയൽക്കാരിയായ ഒരു സ്ത്രീ പീഡന കാര്യം പറഞ്ഞ് പരിഹസിക്കുകയും ചെയ്തതിനെ തുടർന്നാണ് ആത്മഹത്യ. ഇവർക്കെതിരേ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി പോലീസ് കേസെടുത്തിട്ടുണ്ട്. കൂടാതെ, കേസിലെ പ്രതികളിൽ ഒരാളുടെ അച്ഛനായ മോതിലാൽ ചൗധരിയേയും ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കേസെടുക്കുന്നതിൽ വീഴ്ച വരുത്തിയ എ എസ് ഐ മിശ്രിലാലിനെ സസ്‌പെൻഡ് ചെയ്‌തെന്നും കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയതിന് ഇയാളെ അറസ്റ്റ് ചെയ്‌തെന്നും നർസിങ്പൂർ ജില്ലാ പോലീസ് സൂപ്രണ്ട് അറിയിച്ചു.