Wednesday, July 28, 2021
Home News National ലഹരിമരുന്ന് കേസിൽ ചോദ്യം ചെയ്യൽ; ദീപിക പദുക്കോൺ എൻസിബി ഓഫീസിലെത്തി

ലഹരിമരുന്ന് കേസിൽ ചോദ്യം ചെയ്യൽ; ദീപിക പദുക്കോൺ എൻസിബി ഓഫീസിലെത്തി

മുംബൈ: സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരി മരുന്ന് കേസിന്റെ ചോദ്യം ചെയ്യലിനായി നടി ദീപിക പദുക്കോൺ രാവിലെ 9.45ന് നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ (എൻസിബി) പ്രവർത്തിക്കുന്ന കൊളംബയിലെ മുംബൈ പോർട്ട് ട്രസ്റ്റ് ഗസ്റ്റ് ഹൗസിലെത്തി. ചോദ്യം ചെയ്യൽ ആരംഭിച്ചതായി ഔദ്യോഗികവൃത്തങ്ങൾ അറിയിച്ചു.

ഭർത്താവ് രൺവീർ സിംഗിനൊപ്പം ഗോവയിലായിരുന്ന ദീപിക എൻസിബിയുടെ സമൻസ് ലഭിച്ചതിനെ തുടർന്ന് വ്യാഴാഴ്ച മുംബൈയിലെത്തിയിരുന്നു. ശ്രദ്ധ കപൂർ, സാറാ അലി ഖാൻ എന്നിവരും ഇന്ന് ഏജൻസിക്ക് മുന്നിൽ ഹാജരാകും.

നടി രാകുൽ പ്രീത് സിംഗിനെയും കരിഷ്മയെയും എൻസിബി ഇന്നലെ നാല് മണിക്കൂറോളം ഒരുമിച്ചിരുത്തി ചോദ്യം ചെയ്തിരുന്നു. 2017 ഒക്ടോബറിൽ വാട്സ് ആപ്പ് ചാറ്റിലൂടെ ദീപിക ലഹരിമരുന്ന് ആവശ്യപ്പെട്ടതായാണ് എൻസിബിക്ക് ലഭിച്ച വിവരം. ഈ ചാറ്റ് നടത്തിയത് ഒരു വാട്സ് ആപ്പ് ഗ്രൂപ്പിലാണെന്നും അതിന്റെ അഡ്മിൻ ദീപികയാണെന്നും ഉള്ള പുതിയ വിവരങ്ങൾ കൂടി അന്വേഷണ സംഘം നൽകിയതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ദീപികയുടെ മാനേജർ കരിഷ്മയും സുശാന്ത് സിംഗിന്റെ മാനേജർ ജയ സഹയും ഈ ഗ്രൂപ്പിൽ അംഗങ്ങളായിരുന്നു. കേസുമായി ബന്ധപ്പെട്ട് ദീപിക പദുക്കോണിന്റെ മാനേജർ കരിഷ്മ പ്രകാശ്, സുശാന്തിന്റെ മുൻ മാനേജർ ശ്രുതി മോദി എന്നിവരെയും ചോദ്യം ചെയ്തിരുന്നു. കരിഷ്മ പ്രകാശിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും.

സുശാന്ത് സിംഗ് രജ്പുതിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാണിച്ച് ജൂലൈ 28ന് റിയ ചക്രബർത്തിക്കെതിരെ സുശാന്തിന്റെ പിതാവ് കെ കെ സിംഗ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആരംഭിച്ച അന്വേഷണമാണ് ലഹരിമരുന്ന് കേസിലേക്ക് നീണ്ടത്. ഇതുമായി ബന്ധപ്പെട്ട് റിയ ചക്രബർത്തിയും, സഹോദരനുമുൾപ്പെടെയുള്ളവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

ജൂൺ 14നാണ് മുംബൈയിലെ ഫ്‌ളാറ്റിൽ സുശാന്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

Most Popular