ന്യൂഡൽഹി: ഡല്‍ഹിയിൽ ഒമിക്രോൺ സ്ഥിരീകരിച്ചവരിൽ ഭൂരിഭാഗവും യുഎഇയിൽ നിന്ന് മടങ്ങിയെത്തിയവരെന്ന് റിപ്പോർട്ടുകൾ. യു എ ഇ യിൽ നിന്നെത്തിയ 10 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതുവരെ 28 ഒമിക്രോൺ കേസുകളാണ് ഡൽഹിയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 19 പേർ വിദേശത്തു നിന്ന് എത്തിയവരും മൂന്ന് പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. വിദേശത്തു നിന്ന് വന്ന 19 പേരിൽ 10 പേർ യുഎഇയിൽ നിന്നുള്ളവരാണ്. രോഗം ബാധിച്ച മറ്റുള്ളവരിൽ നാലുപേർ യുകെ, രണ്ടുപേർ ദക്ഷിണാഫ്രിക്ക, രണ്ടുപേർ ടാൻസാനിയ, ഒരാൾ സിംബാബ്വെ എന്നിവിടങ്ങളിൽ നിന്ന് എത്തിയവരാണ്.
അതേസമയം രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ വർധിക്കുന്നത് ആശങ്കയ്ക്കിടയാക്കുകയാണ് . ഇതുവരെ 200 പേര്‍ക്ക് വൈറസ് ബാധ കണ്ടെത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. മഹാരാഷ്ട്രയിലും ഡല്‍ഹിയിലുമാണ് ഏറ്റവുമധികം പേര്‍ക്ക് ഒമിക്രോണ്‍ ബാധിച്ചത്.
തെലങ്കാനയില്‍ 20 പേര്‍ക്ക് രോഗബാധ കണ്ടെത്തിയപ്പോള്‍ കര്‍ണാടകയില്‍ 19 പേര്‍ക്കും രാജസ്ഥാനില്‍ 18 പേര്‍ക്കുമാണ് രോഗം പിടിപെട്ടത്. കേരളത്തില്‍ 15 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഗുജറാത്ത് 14, ഉത്തര്‍പ്രദേശ് രണ്ട് തുടങ്ങി 12 സംസ്ഥാനങ്ങളില്‍ ഒമിക്രോണ്‍ വ്യാപിച്ചതായി ആരോഗ്യമന്ത്രാലയ കണക്കുകള്‍ വ്യക്തമാക്കുന്നു. രോഗം ബാധിച്ചവരില്‍ 77 പേര് രോഗമുക്തി നേടിയതായും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.