ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥിക്ക് അയല്‍വാസിയുടെ ക്രൂര മര്‍ദ്ദനം

പാലക്കാട്: മേഴത്തൂരില്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥിക്ക് അയല്‍വാസിയുടെ ക്രൂര മര്‍ദ്ദനം. സൈക്കിള്‍ ദേഹത്ത് തട്ടിയതിന്റെ പേരിലാണ് 14 കാരനെ തലയ്ക്കും ചെവിക്കുറ്റിക്കുമടിച്ചത്. വീട്ടുകാരുടെ പരാതിയില്‍ അയല്‍വാസിയായ അലിയെ തൃത്താല പോലീസ് അറസ്റ്റ് ചെയ്തു.

ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. പത്തില്‍കുണ്ട് വീട്ടില്‍ മുസ്തഫയുടെ മകന്‍ മുഹമ്മദ് ഫാരിസിനാണ് മര്‍ദ്ധനമേറ്റത്. സൈക്കിളില്‍ വന്ന ഫാരിസ് നടന്നുവരികയായിരുന്ന അലിയെ ഇടിക്കുകയായിരുന്നു. നിലത്തുവീണ അലി ഫാരിസിനെ അസഭ്യം പറയുകയും തലക്കും ചെവിക്കും മര്‍ദ്ദിക്കുകയുമായിരുന്നു. മര്‍ദ്ധനമേറ്റ ഫാരിസ് വീട്ടിലെത്തിയതോടെ ശാരീരിക അസ്വസ്ഥത അനുവഭവപ്പെടുകയായിരുന്നു. തലക്ക് ശസ്ത്രക്രിയ കഴിഞ്ഞ കുട്ടിയാണെന്ന് അറിഞ്ഞുകൊണ്ടും അയല്‍വാസി കൂടിയായ അലി മര്‍ദ്ധിച്ചുവെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്.

ഫാരിസിനെ വിദഗ്ധ ചികിത്സക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ഡോക്ടര്‍മാരുടെ നിര്‍ദേശമുണ്ടായിരുന്നെങ്കിലും സാമ്പത്തിക പ്രതിസന്ധി മൂലം തുടര്‍ചികിത്സ ആശങ്കയിലാണ്.