മാസ്ക് ധരിച്ചില്ലെങ്കിൽ വിമാനത്തിൽ കയറ്റില്ല;ഡിജിസിഎ

ന്യൂഡല്‍ഹി: വിമാനയാത്രയില്‍ മാസ്‌ക് നിർബന്ധമായും ധരിക്കണമെന്ന് ഓർമിപ്പിച്ച് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍. മാസ്ക് ധരിച്ചില്ലെങ്കിൽ വിമാനത്തിൽ കയറ്റില്ല എന്ന് ഡിജിസിഎ പുറത്തിറക്കിയ മാര്‍ഗ്ഗനിര്‍ദേശത്തില്‍ പറയുന്നു.

മാസ്‌ക് ധരിക്കാതെ യാത്രയ്ക്ക് എത്തുന്നവരെ നോ ഫ്‌ളൈ ലിസ്റ്റില്‍പെടുത്തും. ഡല്‍ഹി ഹൈക്കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഡിജിസിഎ മാസ്ക് നിയന്ത്രണത്തിൽ കർശന നിലപാട് സ്വീകരിക്കുന്നത്.

ഇതോടെ വിമാനയാത്രകളിലും വിമാനത്താവളങ്ങളിലും മാസ്‌ക് ധരിക്കേണ്ടത് വീണ്ടും നിര്‍ബന്ധമാവും. സിഐഎസ്എഫിനാണ് വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരും ജീവനക്കാരും മാസ്‌ക് ധരിച്ചു എന്നുറപ്പാക്കേണ്ട ചുമതലയെന്നും ഡിജിസിഎ അറിയിപ്പില്‍ പറയുന്നു.

അതേസമയം, മാസ്‌ക് ധരിക്കാന്‍ വിസമ്മതിക്കുന്ന യാത്രക്കാരെ ടേക്ക് ഓഫിന് മുന്‍പായി വിമാനത്തില്‍ നിന്നും ഇറക്കണമെന്നും നിര്‍ദേശമുണ്ട്.