Sunday, August 1, 2021
Home News National മയക്കുമരുന്ന് കേസ്: നടിമാരുടെ മൊബൈൽ ഫോണുകൾ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കും

മയക്കുമരുന്ന് കേസ്: നടിമാരുടെ മൊബൈൽ ഫോണുകൾ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കും

മുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ നടിമാരുടെ മൊബൈൽ ഫോണുകൾ നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ (എൻ സി ബി) വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കും. നടിമാരായ ദീപിക പദുകോൺ, സാറാ അലിഖാൻ, ശ്രദ്ധ കപൂർ, രാകുൽ പ്രീത് സിംഗ് എന്നിവരുടെ ഫോണുകളാണ് പരിശോധിക്കുക. കേസിൽ കൂടുതൽ പേർ പിടിയിലാകുമെന്നാണ് സൂചന.

സുശാന്തിന്റെ മുൻ ടാലന്റ് മാനേജരായ ജയ സാഹ, ദീപികയുടെ ബിസിനസ് മാനേജരായ കരിഷ്മ പ്രകാശ് എന്നിവരുടെ മൊബൈൽ ഫോണിൽ നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടിമാരായ ദീപികക്കും ശ്രദ്ധക്കും സമൻസ് അയച്ചിരുന്നത്. മയക്കുമരുന്നു കേസിൽ അറസ്റ്റിലായി ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന നടി റിയാ ചക്രവർത്തിയുടെ വാട്ട്‌സ്ആപ്പ് ചാറ്റിൽ നിന്നുള്ള സൂചനകൾ പ്രകാരമാണ് സുശാന്തിന്റെ സുഹൃത്തായിരുന്ന സാറാ അലിഖാനെയും നടി രാകുൽ പ്രീത് സിംഗിനെയും എൻസിബി ചോദ്യം ചെയ്തത്.

സംവിധായകൻ കരൺ ജോഹറിന്റെ നിർമാണസ്ഥാപനമായ ധർമ പ്രൊഡക്ഷൻസിൽ എക്‌സിക്യൂട്ടീവ് ഡയറക്ടർ ക്ഷിതിജ് രവി പ്രസാദിനെയും കേസിൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ധർമ പ്രൊഡക്ഷൻസിൽ അസിസ്റ്റന്റ് ഡയറക്ടറായിരുന്ന അനുഭവ് ചോപ്രയെ എൻസിബി ചോദ്യം ചെയ്ത ശേഷം വിട്ടയക്കുകയും ചെയ്തു.

Most Popular