മയക്കു മരുന്ന് കേസിൽ കന്നട നടി സഞ്ജന ഗൽറാണിയെ അറസ്റ്റ് ചെയ്തു

ബെംഗളൂരു: ബെംഗളൂരു മയക്കു മരുന്ന് കേസുമായി ബന്ധപ്പെട്ട് കന്നട നടി സഞ്ജന ഗൽറാണിയെ അറസ്റ്റ് ചെയ്തു. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി ഇന്നലെ ബെംഗളൂരു ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നെങ്കിലും നടി ഹാജരായിരുന്നില്ല.

തുടർന്ന് ഇന്ന് രാവിലെ സഞ്ജനയുടെ വീട്ടിൽ റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് സെൻട്രൽ ക്രൈം ബ്രാഞ്ച് (സി സി ബി) നടിയെ അറസ്റ്റ് ചെയ്തത്. സഞ്ജനയെ ചോദ്യം ചെയ്യുന്നതിനായി സി സി ബി ഓഫീസിലേക്കു കൊണ്ടുപോയി. വീട്ടിൽ നിന്ന് ലാപ്ടോപ്പുകളും സ്മാർട്ട് ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്.

സഞ്ജനയുടെ അടുത്ത സുഹൃത്ത് നിയാസ് മുഹമ്മദ് ഉൾപ്പെടെ ആറ് പേരെയാണ് കേസിൽ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്.