ഈജിപ്തിൽ ട്രെയിൻ പാളം തെറ്റി അപകടം; 2 മരണം

കെയ്റോ: ഈജിപ്തിന്റെ തലസ്ഥാനമായ കെയ്റോയില്‍ നിന്ന് 23 കിലോമീറ്റര്‍ വടക്ക് ഖലിയൂബിയ ഗവര്‍ണറേറ്റിലെ ഖലിയൂബില്‍ ട്രെയിന്‍ പാളം തെറ്റി രണ്ട് പേര്‍ മരിക്കുകയും 16 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റ 16 പേരില്‍ 10 പേര്‍ ക്വാലിയബ് സ്‌പെഷ്യലിസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലാണെന്നും അവരുടെ പരിക്കുകള്‍ ജീവന് ഭീഷണിയല്ലെന്നും ഈജിപ്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചതായി സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. നിസാര പരിക്കേറ്റ മറ്റ് ആറ് പേരെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിട്ടയച്ചു.

ഈജിപ്ഷ്യന്‍ ഗതാഗത മന്ത്രാലയം അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഒരു സമിതിക്ക് രൂപം നല്‍കിയതായി പ്രസ്താവനയില്‍ പറയുന്നു. അതേസമയം, ഈജിപ്തിലെ പബ്ലിക് പ്രോസിക്യൂട്ടറും ട്രെയിന്‍ കൂട്ടിയിടിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു.