Sunday, July 25, 2021
Home News National ഇന്ത്യയിൽ പ്രകോപനപ്രസംഗം നടത്തിയെന്ന് ആരോപിച്ച് ജയിലിലടച്ച ഡോ. കഫീൽ ഖാന് എട്ട് മാസത്തിന് ശേഷം...

ഇന്ത്യയിൽ പ്രകോപനപ്രസംഗം നടത്തിയെന്ന് ആരോപിച്ച് ജയിലിലടച്ച ഡോ. കഫീൽ ഖാന് എട്ട് മാസത്തിന് ശേഷം ജാമ്യം

ലഖ്നൗ: പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ പ്രകോപന പ്രസംഗം നടത്തിയെന്ന് ആരോപിച്ച് യോഗി ആദിത്യനാഥ് സർക്കാർ ജയിലിൽ തള്ളിയ ഡോ. കഫീൽ ഖാന് എട്ട് മാസത്തിന് ശേഷം ജാമ്യം. യോഗി സർക്കാറിന്റെ വാദങ്ങൾ തള്ളിയ അലഹബാദ് ഹൈക്കോടതിയാണ് ഡോ. കഫീൽ ഖാനെ ഉടൻ വിട്ടയക്കാൻ ഉത്തരവിട്ടത്. കഫീൽ ഖാന്റെ മാതാവ് നൽകിയ ഹരജിയിലാണ് കോടതി ഉത്തരവ്. കഫീൽഖാന് മേൽ ചുമത്തിയ ദേശീയ സുരക്ഷാ നിയമവും കരുതൽ തടങ്കലും റദ്ദാക്കിയ കോടതി യോഗി സർക്കാരിന് കനത്ത തിരിച്ചടിയാണ് നൽകിയത്.

ഉത്തർപ്രദേശിലെ ഖൊരക്പൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഓക്സിജിൻ സിലിണ്ടർ കുറവായതിനെ തുടർന്ന് പിഞ്ചുകുഞ്ഞുങ്ങൾ ഓക്സിജൻ കിട്ടാതെ പിടഞ്ഞു മരിച്ചപ്പോൾ അവരെ രക്ഷപ്പെടുത്താൻ സ്വകാര്യ കേന്ദ്രത്തിൽ നിന്ന് സിലിണ്ടർ എത്തിച്ച് നിരവധി ജീവനുകൾ രക്ഷിച്ചാണ് കഫീൽ ഖാൻ വാർത്തകളിൽ ഇടംപിടിക്കുന്നത്.

എന്നാൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഓക്സിജൻ സിലിണ്ടർ ഇല്ലെന്ന തെറ്റായ പ്രചാരണം നടത്തിയെന്നും സർക്കാരിനെ പ്രതികൂട്ടിലാക്കാൻ ശ്രമിച്ചെന്നും ആരോപിച്ച് യോഗി ആദ്യത്യനാഥ് സർക്കാർ അദ്ദേഹത്തെ നിരന്തരം വേട്ടിയാടിയിരുന്നു. ആദ്യം സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്ത അദ്ദേഹത്തെ പിന്നിട് ജയിലിലടച്ചു. എന്നാൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ അദ്ദേഹത്തെ ജോലിയിൽ തിരികെ പ്രവേശിപ്പിച്ചില്ല. പിന്നാലെ പൗരത്വ നിയമത്തിൽ പ്രകോപന പ്രസംഗം നടത്തിയെന്ന് ആരോപിച്ച് ജാമ്യം പോലും നൽകാതെ ജിയിലിൽ അടക്കുകയായിരുന്നു.

Most Popular