കര്‍ഷകരുമായുളള 11-ാംവട്ട ചര്‍ച്ചയും പരാജയം; നിലപാട് കടുപ്പിച്ച് കേന്ദ്രം, നല്‍കിയത് ഏറ്റവും മികച്ച വാഗ്ദാനം-മന്ത്രി

farmers-discussion

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരും കേന്ദ്രസര്‍ക്കാരുമായി നടന്ന പതിനൊന്നാംവട്ട ചര്‍ച്ചയും പരാജയപ്പെട്ടു. അടുത്ത ചര്‍ച്ചയ്ക്കുള്ള തിയതി സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ പഞ്ചാബ് സംസ്ഥാന പ്രസിഡന്റ് സുര്‍ജീത് സിഭ് ഫുല്‍ പറഞ്ഞു.

അതേസമയം വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാട് കടുപ്പിക്കുകയാണെന്നാണ് സൂചന. നിയമങ്ങള്‍ നടപ്പിലാക്കുന്നത് ഒന്നരവര്‍ഷത്തേക്ക് മരവിപ്പിക്കാമെന്ന കേന്ദ്രത്തിന്റെ വാഗ്ദാനം ഏറ്റവും മികച്ചതും ഒടുവിലത്തേതുമാണെന്ന് സര്‍ക്കാര്‍ കര്‍ഷകരോടു പറഞ്ഞു. സര്‍ക്കാര്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ കര്‍ഷകര്‍ പുനഃപരിശോധിക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.

പത്താംവട്ട ചര്‍ച്ചയിലാണ് നിയമങ്ങള്‍ ഒന്നരവര്‍ഷത്തേക്ക് മരവിപ്പിക്കാമെന്ന നിര്‍ദേശം സര്‍ക്കാര്‍ മുന്നോട്ടുവെച്ചത്. എന്നാല്‍ ഇത് ഇന്നലെ നടന്ന ജനറല്‍ ബോഡി യോഗത്തിനു ശേഷം സംയുക്ത കിസാന്‍ മോര്‍ച്ച തള്ളിയിരുന്നു.

സര്‍ക്കാര്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങളുടെ മേല്‍ ചര്‍ച്ച നടത്താന്‍ കര്‍ഷകര്‍ തയ്യാറാകുമ്പോള്‍ മാത്രമേ അടുത്ത ചര്‍ച്ച നടക്കുകയുള്ളൂവെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ പറഞ്ഞു. കര്‍ഷകരുടെ ആശങ്കകള്‍ക്ക് ഇടം നല്‍കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. നിര്‍ദേശത്തില്‍ അപാകമുണ്ടായിരുന്നില്ല. ഏറ്റവും മികച്ച വാഗ്ദാനമാണ് സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് നല്‍കിയത്. ദൗര്‍ഭാഗ്യവശാല്‍ നിങ്ങള്‍ അത് തള്ളിക്കളഞ്ഞു- കര്‍ഷകരുമായുള്ള യോഗത്തില്‍ തോമര്‍ പറഞ്ഞു.

പതിനൊന്നാംവട്ട ചര്‍ച്ച 18 മിനുട്ട് മാത്രമാണ് നീണ്ടുനിന്നതെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, മന്ത്രി തങ്ങളെ മൂന്നര മണിക്കൂറോളം കാത്തുനിര്‍ത്തിച്ചുവെന്ന് കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റി പ്രതിനിധി എസ്.എസ്. പാന്‍ധര്‍ പറഞ്ഞു. ഇത് കര്‍ഷകരോടുള്ള അപമാനമാണ്. മന്ത്രി വന്നതിനു ശേഷം, സര്‍ക്കാരിന്റെ നിര്‍ദേശം പരിഗണിക്കാന്‍ ഞങ്ങളോട് ആവശ്യപ്പെടുകയും യോഗ പരിപാടികള്‍ അവസാനിപ്പിക്കുകയും ചെയ്തു- പാന്‍ധര്‍ കൂട്ടിച്ചേര്‍ത്തു. സമരം സമാധാനപരമായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.