Tuesday, August 3, 2021
Home News Kerala എന്‍ഡോസള്‍ഫാന്‍ സംയോജിത പാക്കേജ്: സ്‌നേഹ സാന്ത്വനം പദ്ധതിയ്ക്ക് 19 കോടിയുടെ ഭരണാനുമതി

എന്‍ഡോസള്‍ഫാന്‍ സംയോജിത പാക്കേജ്: സ്‌നേഹ സാന്ത്വനം പദ്ധതിയ്ക്ക് 19 കോടിയുടെ ഭരണാനുമതി

തിരുവനന്തപുരം: കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി കേരള സാമൂഹികസുരക്ഷാ മിഷന്‍ മുഖേന നടപ്പാക്കുന്ന സ്‌നേഹ സാന്ത്വനം പദ്ധതിയ്ക്ക് 19 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. ഓണത്തിന് മുമ്പ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ആനുകൂല്യം ലഭ്യമാകുന്ന രീതിയില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ സാമൂഹികസുരക്ഷാ മിഷന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി സാമൂഹികസുരക്ഷാ മിഷന്‍ മുഖേന നടപ്പാക്കുന്ന സമഗ്ര സമാശ്വാസ പദ്ധതിയാണ് സ്‌നേഹ സാന്ത്വനം. ഈ പദ്ധതിയിലൂടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് പ്രതിമാസം പെന്‍ഷന്‍ നല്‍കുന്നു.

ദീര്‍ഘകാല ചികിത്സ ആവശ്യമുള്ളതും രോഗാവസ്ഥയിലുള്ളവരും തൊഴിലെടുക്കാനാകാതെ വീട്ടില്‍ കഴിയുന്നവരായവരില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന വികലാംഗ പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്ക് 1,700 രൂപയും പെന്‍ഷന്‍ ലഭിക്കാത്തവര്‍ക്ക് 2,200 രൂപയും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ മറ്റ് രോഗികള്‍ക്ക് 1,200 രൂപ വീതവും പ്രതിമാസം ധനസഹായം നല്‍കുന്നു.

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പുനരധിവാസത്തിനായി കാസര്‍കോട് മൂളിയാര്‍ വില്ലേജില്‍ എന്‍ഡോസള്‍ഫാന്‍ പുനരധിവാസ വില്ലേജിന്റെ നിര്‍മാണ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ദുരിത ബാധിതരുടെയും ജില്ലയിലെ മറ്റ് ഭിന്നശേഷിയുള്ള കുട്ടികളുടെയും ശാരീരികവും മാനസികവുമായ സമഗ്രവും ശാസ്ത്രീയവുമായ പുനരധിവാസം ലക്ഷ്യമാക്കിയാണ്  ലോകോത്തര നിലവാരത്തിൽ പുനരധിവാസ വില്ലേജ് സ്ഥാപിക്കുന്നത്.

Most Popular