Wednesday, May 12, 2021
Home News International ഇസ്രായേലുമായി മികച്ച ബന്ധം പുലര്‍ത്താന്‍ ആഗ്രഹിക്കുന്നതായി തുര്‍ക്കി

ഇസ്രായേലുമായി മികച്ച ബന്ധം പുലര്‍ത്താന്‍ ആഗ്രഹിക്കുന്നതായി തുര്‍ക്കി

അങ്കാറ: ഇസ്രായേലുമായി കൂടുതല്‍ മികച്ച ബന്ധം പുലര്‍ത്താന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ രഹസ്യാന്വേഷണ തലത്തില്‍ ചര്‍ച്ചകള്‍ ഇരുപക്ഷവും തമ്മില്‍ തുടരണം. അതേസമയം, ഫലസ്തീനികളോടുള്ള ഇസ്രായേല്‍ നയത്തെ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. വെള്ളിയാഴ്ച ഇസ്താംബൂളില്‍ നടത്തിയ പ്രാര്‍ത്ഥനയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഉര്‍ദുഗാന്‍.

ഇസ്രായയേലിലെ ഉയര്‍ന്ന തലത്തിലുള്ള ആളുകളുമായി തുര്‍ക്കിക്ക് ചില പ്രശ്നങ്ങളുണ്ടെന്നും എന്നാല്‍ അത്തരം പ്രശ്നങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വളരെ വ്യത്യസ്തമാകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഫലസ്തീന്‍ നയം ഞങ്ങളുടെ റെഡ് ലൈനാണെന്നും ഇസ്രായേലിന്റെ ഫലസ്തീന്‍ നയങ്ങള്‍ അംഗീകരിക്കാന്‍ ഞങ്ങള്‍ക്ക് ഒരുതരത്തിലും കഴിയില്ലെന്നും ഉര്‍ദുഗാന്‍ പറഞ്ഞു.

ഇസ്രായേലിന്റെ ദയയില്ലാത്ത പ്രവൃത്തികള്‍ ഞങ്ങള്‍ക്ക് അംഗീകരിക്കാനാവില്ലെന്നും എന്നിരുന്നാലും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെട്ട നിലയിലേക്ക് കൊണ്ടുവരാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 1949ല്‍ ഇസ്രായേലിനെ അംഗീകരിച്ച ആദ്യത്തെ മുസ്ലിം ഭൂരിപക്ഷ രാജ്യമാണ് തുര്‍ക്കി. ഉര്‍ദുഗാന്‍ അധികാരത്തില്‍ എത്തുന്നതുവരെ ഇരുരാജ്യങ്ങളും തമ്മില്‍ ശക്തമായ വാണിജ്യ ബന്ധവും പുലര്‍ത്തിയിരുന്നു.

എന്നാല്‍ വെസ്റ്റ് ബാങ്കിലുള്ള ഇസ്രായേലിന്റെ അധിനിവേശത്തെയും ഫലസ്തീനികളോടുള്ള നിലപാടിനെതിരെയും വിമര്‍ശനവുമായി തുര്‍ക്കി രംഗത്തെത്തുകയും ഇസ്രയേലിന്റെ നടപടിയെ അപലപിക്കുകയും ചെയ്തിരുന്നു. തുര്‍ക്കി ഉടമസ്ഥതയിലുള്ള ഫ്‌ലോട്ടില്ലയില്‍ കയറിയ ഇസ്രായേല്‍ കമാന്‍ഡോകള്‍ 10 ഫലസ്തീന്‍ അനുകൂല പ്രവര്‍ത്തകരെ കൊലപ്പെടുത്തിയതിന് ശേഷമാണ് 2010ല്‍ തുര്‍ക്കി ഇസ്രായേലുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കുന്നത്.

അതേസമയം, എര്‍ദോഗനും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും തമ്മില്‍ രൂക്ഷമായ വാക്‌പോര് നടക്കാറുണ്ടെങ്കിലും ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം ബന്ധം ഇപ്പോഴും ശക്തമാണ്.

Most Popular