അസാനി ചുഴലിക്കാറ്റ്: സംസ്ഥാനത്തെങ്ങും ഒറ്റപ്പെട്ട കനത്ത മഴ തുടരുന്നു

തിരുവനന്തപുരം: അസാനി ചുഴലിക്കാറ്റ് ഇന്ന് കര തൊടും. 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. ന്യൂനമര്‍ദ്ദത്തിന്റേയും കാറ്റിന്റേയും പശ്ചാത്തലത്തില്‍ കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.

ശക്തമായ ഇടിമിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണം. മലയോരത്തും തീരപ്രദേശങ്ങളിലുമുള്ളവര്‍ ജാഗ്രത പുലര്‍ത്തണം. കോഴിക്കോട് മലയോര മേഖലകളിൽ മഴ ശക്തമായി തുടരുകയാണ്. തിരുവമ്പാടി നഗരത്തിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. താമരശ്ശേരിയിൽ മരം വീണ് വൈദ്യുതി തടസ്സപ്പെട്ടതായും റിപ്പോർട്ടുണ്ട്. എറണാകുളം ഉള്‍പ്പെടെ പല ജില്ലകളിലും രാത്രിയും പുലര്‍ച്ചെയും മഴ തുടരുകയാണ്.

ശനിയാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. അതേസമയം ആന്ധ്രാ തീരത്തേക്ക് നീങ്ങുന്ന അസാനി തീവ്ര ചുഴലിക്കാറ്റ് നാളെയോടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.