റിയാദ്: സൗദിയിൽ ജോലിക്കിടെ പക്ഷാഘാതം പിടിപെട്ട് ശരീരം തളർന്ന പ്രവാസി മലയാളി മലപ്പുറം കടുങ്ങല്ലൂർ സ്വദേശി എം.പി. മൊയ്ദുണ്ണി മുസ്ലിയാരെ നാട്ടിലെത്തിച്ചു. . റിയാദ് പ്രവിശ്യയിൽ പെട്ട വാദി ദവാസിറിലെ ആശുപത്രിയിൽ ഒരുമാസത്തിലധികമായി ചികിത്സയിലായിരുന്നു ഇദ്ദേഹം. ജോലിക്കിടയിലായിരുന്നു ഇദ്ദേഹം പക്ഷാഘാതമുണ്ടായി തളർന്നുവീണത്. മൂന്ന് ആഴ്ചയോളം അർദ്ധബോധാവസ്ഥയിൽ ഐ.സി.യുവിലും വെൻറിലേറ്ററിലുമായി കഴിഞ്ഞ ഇദ്ദേഹത്തെ തുടർചികത്സക്ക് നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങൾ നേരത്തെ നടത്തിയിരുന്നെങ്കിലും ആരോഗ്യസ്ഥിതി തൃപ്തികരമല്ലാത്തതിനാൽ ഡോക്ടർമാർ വിസമ്മതിക്കുകയായിരുന്നു. ഇടയ്ക്കിടെ ഓക്സിജൻ കൊടുക്കേണ്ടതും തലയിൽ നിന്നും സ്രവം ഒഴിവാക്കേണ്ടതുമുണ്ട്. വിദഗ്ധ സംവിധാനങ്ങൾ സഹിതം മാത്രമേ ഇദ്ദേഹത്തെ നാട്ടിലയക്കാൻ സാധിക്കുമായിരുന്നുള്ളു. ഐ.സി.എഫ്, കെ.എം.സി.സി പ്രവർത്തകർ ചേർന്ന് വിമാന ടിക്കറ്റിനുള്ള 23,500 റിയാൽ സമാഹരിച്ചു. വാദി ദവാസിറിൽ നിന്നും എല്ലാ സുരക്ഷാ സൗകര്യങ്ങളുമുള്ള ആംബുലൻസിൽ ഒരു നഴ്സിന്റെ സേവനവും ലഭ്യമാക്കി ജിദ്ദ കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിക്കുകയായിരുന്നു.