Wednesday, July 28, 2021
Home News Kerala കുടുംബവഴക്ക്; കോവളത്ത് ക്വറന്റൈൻ കഴിഞ്ഞെത്തിയ യുവാവ് ഭാര്യാപിതാവിന്റെ കുത്തേറ്റ് മരിച്ചു

കുടുംബവഴക്ക്; കോവളത്ത് ക്വറന്റൈൻ കഴിഞ്ഞെത്തിയ യുവാവ് ഭാര്യാപിതാവിന്റെ കുത്തേറ്റ് മരിച്ചു

തിരുവനന്തപുരം: കുടുംബവഴക്കിനിടെ ഭാര്യാപിതാവിന്റെ കുത്തേറ്റ് യുവാവ് മരിച്ചു. വെട്ടുകാട് പുതുവിളാകം വീട്ടിൽ ലോറൻസിന്റെയും ഐറിന്റെയും മകൻ ലിജിൻ ലോറൻസ്(32) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭാര്യാപിതാവ് കൊച്ചുവേളി റോസ് വില്ലയിൽ നിക്കോളാസ് ഗോമസിനെ(63) വലിയതുറ പോലീസ് അറസ്റ്റുചെയ്തു. മക്കളെ കാണണമെന്ന് ആവശ്യപ്പെട്ട് രാത്രി വീട്ടിലെത്തി ബഹളം വെച്ചതിനെ തുടർന്നുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിലെത്തിയത്.

കുവൈത്തിലായിരുന്ന ലിജിൻ, 20 ദിവസം മുൻപാണ് നാട്ടിലെത്തിയത്. നാലാഞ്ചിറയിലുള്ള സഹോദരന്റെ വീട്ടിൽ ക്വാറന്റീനിൽ കഴിയുകയായിരുന്നു. തുടർന്ന് കഴിഞ്ഞദിവസം രാത്രി സുഹൃത്തുക്കളുമായി ലിജിൻ അച്ഛനോടൊപ്പം താമസിക്കുന്ന ഭാര്യ നിഷയെയും മക്കളായ ആൻഡ്രിയ(7), അമീലിയ(ഒന്നര) എന്നിവരെയും കാണാനെത്തി. എന്നാൽ ലിജിനെ ഭാര്യയുടെ അച്ഛൻ വീട്ടിലേക്കു കയറ്റിയില്ല. തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കമായി. കുത്തേറ്റുവീണ ലിജിൻ ആശുപത്രിയിലെത്തും മുൻപ് മരിച്ചു.

നിക്കോളാസും ലിജിനും തമ്മിൽ മുൻപും പലതവണ വഴക്കുണ്ടായിട്ടുണ്ട്. കുടുംബപ്രശ്‌നങ്ങളാണ് പ്രധാന കാരണം. എട്ട് വർഷം മുമ്പ് വിവാഹം കഴിഞ്ഞ ലിജിന്റെ ഭാര്യയും മക്കളും കുടുംബവഴക്കിനെ തുടർന്ന് ഏതാനും മാസങ്ങളായി നിക്കോളാസിന്റെ വീട്ടിലാണ് താമസം. വിവാഹബന്ധം വേർപെടുത്താൻ കുടുംബ കോടതിയിൽ കേസ് നൽകിയിരിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

ലിജിൻ മദ്യലഹരിയിലായിരുന്നു. തർക്കം മൂത്ത് കൈയ്യാങ്കളിയിലെത്തി. ഇതിനിടെ കയ്യിൽ കരുതിയിരുന്ന കത്തിയെടുത്ത് നിക്കോളാസ് ലിജിനെ കുത്തുകയായിരുന്നു. ആഴത്തിലുള്ള മൂന്ന് കുത്തുകൾ ലിജിനേറ്റു. ഒളിവിൽ പോകാതെ വീട്ടിൽ തന്നെ കഴിഞ്ഞ നിക്കോളാസിനെ കസ്റ്റഡിയിലെടുത്ത് വൈകിട്ടോടെ അറസ്റ്റ് രേഖപ്പെടുത്തി.

ലിജിന്റെ മൃതദേഹം വെട്ടുകാട് മാദ്രെ ദേവൂസ് ദേവാലയത്തിൽ സംസ്‌കരിച്ചു.

Most Popular