Saturday, September 25, 2021
Home News National കർഷക ബില്ല്: ഇന്ത്യാ ഗേറ്റിന് മുമ്പിൽ ട്രാക്ടറിന് തീയിട്ടു; ആളിപ്പടർന്ന് കർഷക രോഷം

കർഷക ബില്ല്: ഇന്ത്യാ ഗേറ്റിന് മുമ്പിൽ ട്രാക്ടറിന് തീയിട്ടു; ആളിപ്പടർന്ന് കർഷക രോഷം

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ പുതിയ കർഷക ബില്ല് രാഷ്ട്രപ്രതി ഒപ്പുവെച്ച് നിയമമായെങ്കിലും കർഷക രോഷം ആളിപ്പടരുന്നു. പ്രതിഷേധങ്ങൾ കൂടുതൽ കരുത്താർജിക്കുകയാണ്. ന്യൂഡൽഹിയിൽ ഇന്ത്യാഗേറ്റിന് സമീപമുള്ള അതീവ സുരക്ഷാമേഖലയിൽ കർഷകർ ട്രാക്ടർ കത്തിച്ചു പ്രതിഷേധിച്ചു.

പഞ്ചാബിൽ ട്രെയിൻ തടയൽ സമരങ്ങൾ തുടരുന്നു. കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇന്ന് രാജ്ഭവൻ മാർച്ച് നടക്കും. കർണാടകയിൽ ഇന്ന് കർഷകർ ബന്ദ് ആചരിക്കുകയാണ്. ദിവസങ്ങൾ കഴിയുന്തോറും കർഷകരുടെ പ്രതിഷേധം തെരുവിൽ ആളിക്കത്തുകയാണെന്നാണ് റിപ്പോർട്ട്.

ഡൽഹിയിൽ ഇന്ന് രാവിലെ 7.30ഓടെയാണ് കർഷകർ ട്രാക്ടറിന് തീയിട്ടത്. ഇരുപതോളം വരുന്ന കർഷകരാണ് അതീവ സുരക്ഷാ മേഖലയിൽ പ്രതിഷേധം സംഘടിപ്പിച്ചത്. പോലീസും അഗ്‌നിശമന വിഭാഗവുമെത്തി തീ അണച്ചെങ്കിലും ട്രാക്ടർ പൂർണമായും കത്തി നശിച്ചിരുന്നു. അതീവ സുരക്ഷാ മേഖലയിൽ ഇത്തരത്തിൽ ഒരു പ്രതിഷേധം നടന്നത് പോലീസിന്റെ വലിയ വീഴ്ചയാണെന്നാണ് റിപ്പോർട്ട്.

കേന്ദ്ര സർക്കാരിന്റെ വിവാദമായ കാർഷിക ബില്ലിനെതിരെ രാജ്യമെമ്പാടും ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. ഇതിനിടിയിലാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ബില്ലിൽ ഒപ്പുവെച്ചത്. എന്നാൽ കർഷകരെ വഴിയാധാരമാക്കുന്ന നിയമത്തിനെതിരേയുള്ള പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് കർഷകർ വ്യക്തമാക്കി.

കർഷക പ്രതിഷേധം ഏറ്റവും ശക്തമായ പഞ്ചാബിൽ ഏതറ്റം വരെയും പോയി കർഷകരുടെ താത്പര്യം സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി അമരീന്ദർ സിംഗ് പറഞ്ഞു. ആവശ്യമെങ്കിൽ സംസ്ഥാന നിയമങ്ങളിൽ ഭേദഗതി വരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അപകടരമായ പുതിയ നിയമം നടപ്പാക്കുന്നത് പഞ്ചാബിന്റെ കാർഷിക മേഖലയെ പൂർണമായും തകർക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Most Popular