കർഷകസമരം അവസാനിക്കുന്നു; കർഷകരുടെ എല്ലാ ആവശ്യങ്ങളും അംഗീകരിച്ച് കേന്ദ്രം

ന്യൂഡൽഹി: ഒടുവിൽ കർഷക സമരം അവസാനിക്കുന്നു. കർഷകർ മുന്നോട്ടുവച്ച എല്ലാ ആവശ്യങ്ങളും കേന്ദ്ര സർക്കാർ അംഗീകരിച്ചു. എല്ലാ ആവശ്യങ്ങളും അംഗീകരിച്ചതായുള്ള രേഖ കേന്ദ്രസര്‍ക്കാര്‍ സംയുക്ത കിസാന്‍ മോര്‍ച്ചാ പ്രതിനിധികള്‍ക്ക് കൈമാറിയതോടെ ഒരു വർഷത്തിലധികമായി തുടര്‍ന്നുവന്ന ഡല്‍ഹി അതിര്‍ത്തികളിലെ കര്‍ഷക സമരം വിജയം കണ്ടു. സിംഗുവില്‍ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ യോഗം പുരോഗമിക്കുകയാണ്. സമരങ്ങള്‍ക്കിടെ മരിച്ച കര്‍ഷകരുടെ കുടുംബങ്ങള്‍ക്കുള്ള നഷ്ടപരിഹാരം, മിനിമം താങ്ങുവില, കര്‍ഷകര്‍ക്കെതിരെയായ കേസുകള്‍ പിന്‍വലിക്കുക എന്നിവയടക്കം ആവശ്യങ്ങള്‍ കേന്ദ്രം അംഗീകരിച്ചു. രേഖാമൂലം ഉറപ്പുവേണമെന്ന കര്‍ഷകരുടെ ആവശ്യം സര്‍ക്കാര്‍ പരിഗണിച്ചു.

കേന്ദ്രസർക്കാർ നൽകിയ ഉറപ്പുകൾ

താങ്ങുവില സമിതിയിൽ കർഷക പ്രതിനിധികളെ ഉൾപ്പെടുത്തും.
ദില്ലി,ഹരിയാന, യുപി എന്നിവിടങ്ങളിലെ കേസുകൾ പിൻവലിക്കും
മരിച്ച കർഷകരുടെ കുടുംബങ്ങൾക്ക്‌ 5 ലക്ഷം വീതം നഷ്ടപരിഹാരം.
വൈദ്യുതി ഭേദഗതി ബില്ലിൽ എല്ലാവരുമായി സമഗ്ര ചർച്ച നടത്തും.
മലിനീകരണ നിയന്ത്രണ നിയമത്തിലെ കർഷകർക്കെതിരായ ക്രമിനൽ നടപടി നീക്കം ചെയ്യും.

കർഷകർ തത്കാലം വിട്ടുവീഴ്ച്ച ചെയ്ത വിഷയങ്ങൾ

താങ്ങുവില നിയമപരമാക്കുക
ലഖീംപൂർ സംഭവത്തിൽ കേന്ദ്ര ആഭ്യന്തരസഹമന്ത്രി അജയ് മിശ്രയുടെ രാജി
സമീപകാല സമരങ്ങള്‍ പലതും പാതിവഴിയില്‍ അവസാനിച്ചപ്പോള്‍ ഒരു ഘട്ടത്തില്‍ പോലും സമ്മർദ്ദങ്ങളില്‍ വീഴാതെ വെല്ലുവിളികളെ അതിജീവിച്ചതാണ് കർഷകസമരത്തിന്‍റെ വിജയം. കർഷകസംഘടനകള്‍ തമ്മില്‍ അവസാനം വരെ ഉണ്ടായിരുന്ന അഭിപ്രായ ഐക്യവും സന്നദ്ധ സംഘടനകളുടെ സഹായവും സമരത്തില്‍ നിര്‍ണായകമായി.