Friday, May 14, 2021
Home News National കര്‍ഷക സംഘടനാ നേതാക്കളുമായുള്ള അഞ്ചാംവട്ട ചര്‍ച്ചയും തീരുമാനമായില്ല; കൂടുതല്‍ സമയം വേണമെന്ന് കേന്ദ്രം; 9ന് വീണ്ടും...

കര്‍ഷക സംഘടനാ നേതാക്കളുമായുള്ള അഞ്ചാംവട്ട ചര്‍ച്ചയും തീരുമാനമായില്ല; കൂടുതല്‍ സമയം വേണമെന്ന് കേന്ദ്രം; 9ന് വീണ്ടും ചേരും

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരും കര്‍ഷക സംഘടനാ നേതാക്കളുമായുള്ള അഞ്ചാംവട്ട ചര്‍ച്ചയും തിരുമാനമാകാതെ പിരിഞ്ഞു. കാര്യങ്ങള്‍ വിശദമായി പഠിക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്നു സര്‍ക്കാര്‍ വ്യക്തമാക്കി. ഈ മാസം ഒന്‍പതിന് 11 മണിക്കു വീണ്ടും ചര്‍ച്ച നടത്താമെന്നും അറിയിച്ചു. വിവാദ കര്‍ഷക നിയമങ്ങളില്‍ 2 ഭേദഗതികള്‍ വരുത്താമെന്നും അതു സംബന്ധിച്ച ഉറപ്പ് രേഖാമൂലം നല്‍കാമെന്നും കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചക്കിടെ വ്യക്തമാക്കിയിരുന്നു.

പ്രാദേശിക ചന്തകള്‍ക്കും സ്വകാര്യ ചന്തകള്‍ക്കും തുല്യ പരിഗണന, കര്‍ഷകരും വ്യാപാരികളും തമ്മിലുള്ള തര്‍ക്കങ്ങള്‍ സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റിനു പകരം സിവില്‍ കോടതി പരിഗണിക്കും – ഈ രണ്ടു ഭേദഗതികളാണ് സര്‍ക്കാര്‍ മുന്നോട്ടു വച്ചത്. എന്നാല്‍, നിയമങ്ങള്‍ പൂര്‍ണമായി പിന്‍വലിക്കുക തന്നെ വേണമെന്നും ഭേദഗതികള്‍ അംഗീകരിക്കില്ലെന്നും കര്‍ഷകര്‍ വ്യക്തമാക്കി.

നിയമങ്ങള്‍ ആദ്യം പിന്‍വലിക്കുക. പിന്നീട് ആവശ്യമെങ്കില്‍ കര്‍ഷക സംഘടനകളുമായി ചര്‍ച്ച നടത്തി പുതിയ നിയമങ്ങള്‍ സര്‍ക്കാരിനു പാര്‍ലമെന്റില്‍ പാസാക്കാമെന്നും കര്‍ഷകര്‍ നിലപാടെടുത്തു. യോഗത്തില്‍ സംസാരിക്കാന്‍ കൂട്ടാക്കാതിരുന്ന കര്‍ഷകര്‍ ആവശ്യം എഴുതിക്കാണിക്കുകയായിരുന്നു.

ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ വച്ചാണ് ചര്‍ച്ച നടന്നത്. ചര്‍ച്ചയുടെ ആദ്യ മണിക്കൂറുകളില്‍ ഇരുവിഭാഗവും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. കേന്ദ്രത്തെ പ്രതിനിധീകരിച്ച് കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍, റെയില്‍വേ, വാണിജ്യ മന്ത്രി പീയുഷ് ഗോയല്‍, വാണിജ്യ സഹമന്ത്രി സോം പ്രകാശ് എന്നിവര്‍ പങ്കെടുക്കുന്നു. കര്‍ഷകരെ പ്രതിനിധീകരിച്ച് 40 സംഘടനാ നേതാക്കളും.

കഴിഞ്ഞ ദിവസങ്ങളിലേതില്‍നിന്നു വ്യത്യസ്തമായി സംഘടനാ നേതാക്കള്‍ക്കു പുറമെ ഒട്ടേറെ കര്‍ഷകരും വിജ്ഞാന്‍ ഭവനു മുന്നില്‍ തടിച്ചുകൂടിയിരുന്നു. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ കണ്ണീര്‍വാതകം അടക്കം അണിനിരത്തി വന്‍ പൊലീസ് സന്നാഹവും സ്ഥലത്തെത്തിയിരുന്നു.

നിയമങ്ങളില്‍ കര്‍ഷകര്‍ക്കനുകൂലമായ ഏതാനും ഭേദഗതികള്‍ വരുത്താന്‍ തയാറാണെന്ന സൂചന കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ നേരത്തെ നല്‍കിയിരുന്നു. എന്നാല്‍, ഭേദഗതികള്‍ അംഗീകരിക്കില്ലെന്നും നിയമങ്ങള്‍ പൂര്‍ണമായി പിന്‍വലിക്കണമെന്നുമുള്ള ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുമെന്നും യോഗത്തിനു കയറും മുന്‍പ് സംഘടനാ നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. കേന്ദ്രം കോര്‍പറേറ്റുകള്‍ക്കു വഴങ്ങുകയാണെന്നാണ് കര്‍ഷകരുടെ ആരോപണം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ശനിയാഴ്ച രാവിലെ നടന്ന തിരക്കിട്ട യോഗത്തില്‍ വിട്ടുവീഴ്ച സംബന്ധിച്ച് ധാരണയായെന്നു സൂചനകളുണ്ടായിരുന്നു. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്‌നാഥ് സിങ്, നരേന്ദ്ര സിങ് തോമര്‍, പീയൂഷ് ഗോയല്‍ എന്നിവര്‍ പ്രധാനമന്ത്രി വിളിച്ച ചര്‍ച്ചയില്‍ പങ്കെടുത്തു.

Most Popular