Wednesday, June 23, 2021
Home News National കര്‍ഷക സമരം ശക്തം; രാജസ്ഥാനില്‍ നിന്നും കര്‍ഷകരുടെ ഒഴുക്ക്: സമരം പുതിയ തലത്തിലേക്ക്

കര്‍ഷക സമരം ശക്തം; രാജസ്ഥാനില്‍ നിന്നും കര്‍ഷകരുടെ ഒഴുക്ക്: സമരം പുതിയ തലത്തിലേക്ക്

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ആയിരക്കണക്കിന് കര്‍ഷകര്‍ ഡല്‍ഹി അതിര്‍ത്തിയില്‍ നടത്തുന്ന സമരം പതിനേഴ് ദിവസം പിന്നിട്ടു. പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി ഡല്‍ഹി -ജയ്പൂര്‍ ഡല്‍ഹി-ആഗ്ര ദേശീയപാതകള്‍ കര്‍ഷകര്‍ ഉപരോധിക്കും. തുടര്‍ന്ന് തിങ്കളാഴ്ച സിംഘു അതിര്‍ത്തിയില്‍ കര്‍ഷകസംഘടനാ നേതാക്കള്‍ നിരാഹാരമനുഷ്ഠിക്കാനും തീരുമാനിച്ചിട്ടുണ്ട്. കര്‍ഷകര്‍ ദേശീയപാതകള്‍ പിടിച്ചടക്കുന്നത് തടയുന്നതിനായി നാലായിരത്തോളം പോലീസിനെയാണ് കഴിഞ്ഞ ദിവസം നിയോഗിച്ചത്.

പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഹരിയാണ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുളള കര്‍ഷകരാണ് ഉപരോധം നടത്തുന്നത്. എന്നാല്‍ ഇന്നലെ മുതല്‍ രാജസ്ഥാനില്‍ നിന്ന് കര്‍ഷകര്‍ വലിയതോതില്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് എത്തിയിരുന്നു. രാജസ്ഥാന്‍, ഹരിയാണ എന്നിവടങ്ങളില്‍ നിന്നുള്ള കര്‍ഷകരുടെ തലസ്ഥാനത്തേക്കുളള റാലി പതിനൊന്നുമണിയോടെ ആരംഭിച്ചു. ഹൈവേയിലൂടെയാണ് റാലി മുന്നേറുക.

സിംഘു അതിര്‍ത്തിയിലേക്ക് ശനിയാഴ്ച ഓരോ പത്തുമിനിട്ടിലും നിരവധി കര്‍ഷകരാണ് ട്രക്കുകളിലും ട്രോളികളിലുമായി എത്തിക്കൊണ്ടിരിക്കുന്നത്. സമരത്തിനൊപ്പം വിള പരിപാലനവും നടത്തേണ്ടതിനാല്‍ നേരത്തേ സമരത്തില്‍ പങ്കെടുത്തവര്‍ നാട്ടിലേക്ക് മടങ്ങുമ്പോള്‍ അവരെ പ്രതിനീധീകരിച്ച് മറ്റൊരുസംഘം അതേ ഗ്രാമത്തില്‍ നിന്ന് അതിര്‍ത്തിയിലേക്കെത്തിക്കൊണ്ടിരിക്കുകയാണ്. ഒരാള്‍ മടങ്ങുമ്പോള്‍ അതിന് പകരം പത്തുപേര്‍ എന്ന തോതിലാണ് കര്‍ഷകര്‍ സമരത്തിനായെത്തുന്നത്.

സമരമുഖത്തുണ്ടായ ചില കര്‍ഷകര്‍ നാട്ടിലേക്ക് മടങ്ങി. അപ്പോള്‍ ഗ്രാമത്തെ പ്രതിനീധീകരിച്ചെത്താന്‍ ഞങ്ങളെല്ലാവരും കൂടി തീരുമാനിക്കുകയായിരുന്നു. ഞങ്ങള്‍ തിരിച്ചുപോയാല്‍ നിരവധി ട്രക്കുകള്‍ ഞങ്ങളെ പ്രതിനീധീകരിച്ച് വീണ്ടുമെത്തും. ഞങ്ങളുടെ ഗ്രാമത്തില്‍ സമരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന നിരവധി പേര്‍ വേറെയുമുണ്ട്. ഇപ്പോള്‍ ഞങ്ങളുടെ കൃഷിയിടം എന്റെ അച്ഛനാണ് പരിപാലിക്കുന്നത്. അച്ഛന്‍ ഇങ്ങോട്ട് വരുമ്പോള്‍ ഞാന്‍ ഗ്രാമത്തിലേക്ക് മടങ്ങും.’ കര്‍ഷക സമരത്തില്‍ പങ്കെടുക്കുന്ന 25-കാരന്‍ അമന്‍ദീപ് സിങ് പറയുന്നു.

ഇതിന് പുറമേ കൂടുതല്‍ ഭക്ഷ്യവസ്തുക്കളും വസ്ത്രവും എടുക്കാന്‍ നാട്ടിലേക്ക് മടങ്ങിയവരുമുണ്ട്. സമരത്തില്‍ പങ്കെടുക്കുന്ന ഇന്ദ്രജിത്ത് ബഗ്ഗ എന്ന കര്‍ഷകന്‍ പച്ചക്കറിവാങ്ങാനും എണ്ണയും ധാന്യപ്പൊടി എടുക്കാനുമായി രണ്ടുതവണയാണ് പഞ്ചാബില്‍ പോയി വന്നത്. ഇന്ദ്രജിത്തിന്റെ ടെന്റില്‍ സമരമുഖത്തുളള എട്ടുകര്‍ഷകരുമുണ്ട്. തങ്ങള്‍ സമരത്തിനായി വീട്ടില്‍ നിന്നും പുറപ്പെട്ടതില്‍ പിന്നെ സ്ത്രീകളും കുട്ടികളുമാണ് കൃഷിക്കാര്യങ്ങള്‍ നോക്കിനടത്തുന്നതെന്നും ഇന്ദ്രജിത്ത് പറഞ്ഞു.

തിക്രി അതിര്‍ത്തിയില്‍ പതിനായിരത്തിലധികം കര്‍ഷകര്‍ സമരരംഗത്തുണ്ടെന്നാണ് ഡല്‍ഹി പോലീസ് പറഞ്ഞു. സിംഘുവില്‍ പതിനേഴായിരത്തോളം പേരും സമരം ചെയ്യുന്നുണ്ട്. ഇതിനുപുറമേയാണ് രാജസ്ഥാനില്‍ നിന്നും ഹരിയാണയില്‍ നിന്നും വീണ്ടും കര്‍ഷകര്‍ ഞായറാഴ്ച റാലിയില്‍ പങ്കെടുക്കാനായി എത്തിക്കൊണ്ടിരിക്കുന്നത്.

Most Popular