അമിത് ഷായുടെ ഉപാധി തള്ളി കര്‍ഷകര്‍; ചര്‍ച്ചയ്ക്ക് സമരവേദിയിലെത്തണം

 

ന്യൂഡല്‍ഹി: കര്‍ഷക സമരത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുന്നോട്ടു വച്ച ഉപാധികള്‍ തള്ളി പ്രതിഷേധക്കാര്‍. ബുറാഡിയിലെ സമരവേദിയിലേക്കു മാറില്ലെന്ന് കര്‍ഷകര്‍ അറിയിച്ചു. ഉപാധി വച്ചുള്ള ചര്‍ച്ചയ്ക്ക് താല്‍പര്യമില്ല. ചര്‍ച്ച വേണമെങ്കില്‍ സമരവേദിയിലേക്കു വരണമെന്നും കര്‍ഷക സംഘടനകള്‍ അറിയിച്ചു.

അതേസമയം കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നയങ്ങള്‍ക്കെതിരായ കര്‍ഷകരുടെ പ്രതിഷേധം നാലാം ദിവസവും തുടരുകയാണ്. ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലുമായി തമ്പടിച്ചിരിക്കുകയാണ് ആയിരക്കണക്കിന് വരുന്ന കര്‍ഷകര്‍. ഞങ്ങളുടെ ഒരു ആവശ്യവും കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കുന്നില്ല. മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കണമെന്നതാണ് ഞങ്ങളുടെ പ്രാഥമിക ആവശ്യം. ഇതിനു പുറമേ വൈദ്യുതി ബില്ലിന്റെ കാര്യത്തിലും തീരുമാനം വേണമെന്ന് കര്‍ഷക സംഘടനാ നേതാവ് റുല്‍ദു സിങ് ആവശ്യപ്പെട്ടു.

കര്‍ഷക സംഘടനകളുമായി ഡിസംബര്‍ മൂന്നിന് കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തുമെന്നാണ് ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചിരുന്നത്. അതിനു മുന്‍പ് ചര്‍ച്ചകള്‍ വേണമെങ്കില്‍ സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ഇടത്തേക്കു പ്രതിഷേധക്കാര്‍ മാറണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടിരുന്നു. ഇങ്ങനെ ചെയ്താല്‍ തൊട്ടടുത്ത ദിവസം തന്നെ ചര്‍ച്ചയാകാമെന്നായിരുന്നു അമിത്ഷായുടെ വാഗ്ദാനം. ഇതാണിപ്പോള്‍ കര്‍ഷകര്‍ തള്ളിയത്.
അതേസമയം ഡല്‍ഹി അതിര്‍ത്തി പ്രദേശങ്ങളില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരുടെ എണ്ണത്തില്‍ ശനിയാഴ്ചയോടെ വന്‍ വര്‍ധനയാണ് ഉണ്ടായത്. മറ്റു സംസ്ഥാനങ്ങളില്‍നിന്നെത്തിയ കര്‍ഷകരും ഇവരോടൊപ്പം ചേര്‍ന്നു. ഡല്‍ഹിക്കു സമീപത്തെ മൈതാനങ്ങളിലേക്കു പ്രതിഷേധം മാറ്റാന്‍ നിര്‍ദേശമുണ്ടെങ്കിലും കര്‍ഷകര്‍ ഇത് അനുസരിക്കാന്‍ തയാറായിട്ടില്ല. ബുറാഡി നിരങ്കാരി മൈതാനത്തേക്കു മാറണമെന്നാണ് ആവശ്യം. എന്നാല്‍ ഈ സ്ഥലം ജയില്‍ പോലെയാണെന്നാണു കര്‍ഷകരുടെ വാദം. നീതിയില്ലാതെ വീടുകളിലേക്കു മടങ്ങില്ലെന്നും കര്‍ഷക നേതാവ് പറഞ്ഞു.
രാംലീല മൈതാനത്താണു പ്രതിഷേധം. പിന്നെന്തിനാണു ഞങ്ങള്‍ നിരങ്കാരി മൈതാനത്തേക്കു പോകുന്നത്. ഞങ്ങള്‍ ഇവിടെ തന്നെ ഇന്ന് നില്‍ക്കും- ഭാരതീയ കിസാന്‍ യൂണിയന്‍ വക്താവ് രാകേഷ് ടികൈറ്റ് വ്യക്തമാക്കി. മൂന്ന് മാസത്തോളമായി കേന്ദ്രസര്‍ക്കാര്‍ നിയമത്തിനെതിരെ കര്‍ഷകര്‍ വിവിധ സംസ്ഥാനങ്ങളില്‍ പ്രതിഷേധിക്കുകയാണ്.