Thursday, July 29, 2021
Home News Kerala ഫാഷൻ ഗോൾഡ് തട്ടിപ്പ്: ഖമറുദ്ദീനെതിരായ കേസുകളുടെ എണ്ണം 63 ആയി

ഫാഷൻ ഗോൾഡ് തട്ടിപ്പ്: ഖമറുദ്ദീനെതിരായ കേസുകളുടെ എണ്ണം 63 ആയി

കാസർകോട്: ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് എം എൽ എ എം സി ഖമറുദ്ദീനെതിരായ കേസുകളുടെ എണ്ണം 63 ആയി. ചന്തേര സ്റ്റേഷനിൽ ആറ് വഞ്ചനാ കേസുകളും കാസർകോട് ടൗൺ സ്റ്റേഷനിൽ ഒരു കേസുമടക്കം ഏഴ് പുതിയ കേസുകളാണ് ഖമറുദ്ദീനും പൂക്കോയ തങ്ങൾക്കുമെതിരെ രജിസ്റ്റർ ചെയ്തത്.

തൃക്കരിപ്പൂർ, വലിയപറമ്പ്, പടന്ന, പയ്യന്നൂർ സ്വദേശികളായ ആറ് പേരിൽ നിന്നായി 88,55,000 രൂപ തട്ടിയെന്ന പരാതിയിലാണ് ചന്തേചടര സ്റ്റേഷനിലെ കേസുകൾ. നിക്ഷേപമായി വാങ്ങിയ ഒരു കോടി അഞ്ച് ലക്ഷം രൂപ തട്ടിയെന്ന് ചെറുവത്തൂർ സ്വദേശിയുടെ പരാതിയിലാണ് കാസർകോട് ടൗൺ സ്റ്റേഷനിലെ കേസ്.

കേസിൽ ക്രൈംബ്രാഞ്ച് ഉടൻ ഖമറുദ്ദീനെ ചോദ്യം ചെയ്യുമെന്നാണ് റിപ്പോർട്ട്. അദ്ദേഹത്തിനെതിരായ തെളിവുകൾ ശേഖരിക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്. ഖമറുദ്ദീന്റെ ജ്വല്ലറി നിക്ഷേപങ്ങളിൽ നിരവധി പേർ കള്ളപ്പണം നിക്ഷേപിച്ചതായും ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചതായാണ് റിപ്പോർട്ട്. ഇത് സംബന്ധിച്ച കേസുകളും വരും ദിവസങ്ങളിലുണ്ടാകുമെന്നാണ് റിപ്പോർട്ട്.

അതിനിടെ ഖമറുദ്ദീൻ ചെയർമാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീർ ട്രഷററുമായ തൃക്കരിപ്പൂർ ആർട്സ് ആൻഡ് സയൻസ് കോളജിന്റെ പേരിൽ 85 പേരിൽ നിന്ന് അഞ്ച് ലക്ഷം വീതം നിക്ഷേപം വാങ്ങി പിന്നീട് പണമോ ലാഭവിഹിതമോ നൽകാതെ വഞ്ചിച്ചെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.

2013ൽ തുടങ്ങിയ കോളജ് ഇപ്പോഴും പ്രവർത്തിക്കുന്നത് താത്ക്കാലിക കെട്ടിടത്തിലാണ്. മൂന്ന് വർഷത്തിനകം സ്വന്തമായി കെട്ടിടം വേണമെന്ന വ്യവസ്ഥ ലംഘിച്ചാണ് പ്രവർത്തനമെന്നും എസ് എഫ് ഐ ആരോപിക്കുന്നു.

Most Popular