Tuesday, August 3, 2021
Home News International ഫത്ഹ്- ഹമാസ് അനുരഞ്ജനം; ഫലസ്തീനിൽ 14 വർഷത്തിന് ശേഷം തിരഞ്ഞെടുപ്പ്

ഫത്ഹ്- ഹമാസ് അനുരഞ്ജനം; ഫലസ്തീനിൽ 14 വർഷത്തിന് ശേഷം തിരഞ്ഞെടുപ്പ്

അങ്കാറ: അറബ് രാഷ്ട്രങ്ങൾ ഇസ്രായേലുമായി ബന്ധം സ്ഥാപിക്കുന്നതിനിടെ ഫലസ്തീനിലെ ഏറ്റവും വലിയ രണ്ട് സംഘടനകളായ ഫത്ഹും ഹമാസും ഒത്തുതീർപ്പിലെത്തി.

തുർക്കിയിൽ നടന്ന ചർച്ചയിൽ വെസ്റ്റ് ബാങ്കിൽ അധികാരത്തിലുള്ള ഫത്ഹും ഗസ്സയിൽ ഭരണത്തിലുള്ള ഹമാസും ധാരണയിലെത്തുകയായിരുന്നു. ഫത്ഹ് നേതാവ് മഹ്മൂദ് അബ്ബാസും ഹമാസ് രാഷ്ട്രീയകാര്യ മേധാവി ഇസ്മായിൽ ഹനിയ്യയും ഒത്തുതീർപ്പ് അംഗീകരിച്ചു. ആറ് മാസത്തിനകം ഫലസ്തീനിൽ തിരഞ്ഞെടുപ്പ് നടത്താനും തീരുമാനമായി.

2006ന് ശേഷം ആദ്യമാണ് ഫലസ്തീനിൽ തിരഞ്ഞെടുപ്പ് നടത്തുന്നത്. അന്ന് നടന്ന തിരഞ്ഞെടുപ്പിൽ ഹമാസ് അട്ടിമറി വിജയം നേടുകയായിരുന്നു. ഇപ്രാവശ്യത്തെ ചർച്ച യഥാർഥ പരിഹാരത്തിലെത്തിയതായി ഹമാസിന്റെ മുതിർന്ന നേതാവ് സാലിഹ് അൽ അറൗറി പറഞ്ഞു. ഭിന്നിപ്പ് ദേശീയ ലക്ഷ്യത്തെ ബാധിക്കുമെന്നും ഒരുമിച്ച് പ്രവർത്തിക്കാനാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.

ജറൂസലം, ഗസ്സ എന്നിവിടങ്ങളിൽ അടക്കം തിരഞ്ഞെടുപ്പ് നടക്കുമെന്ന് ഫത്ഹ് കേന്ദ്ര കമ്മിറ്റി അംഗം അസ്സം അൽ അഹ്മദ് പറഞ്ഞു. ജറൂസലം ഉൾപ്പെടുത്താതെ തിരഞ്ഞെടുപ്പുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇസ്തംബൂളിൽ രണ്ട് ദിവസമായി ഹമാസും ഫത്ഹും തമ്മിൽ നടന്ന ചർച്ചകളിൽ പൊതുതിരഞ്ഞെടുപ്പ് നടത്താൻ ധാരണയിലെത്തിയതായും ദേശീയ ഐക്യം ഉറപ്പാക്കാനുള്ള എല്ലാ നടപടികൾക്കും തയാറാണെന്നും ഫലസ്തീൻ അതോറിറ്റി പ്രധാനമന്ത്രി മുഹമ്മദ് ഷത്തയ്യ പറഞ്ഞു.

Most Popular