
ദില്ലി: 200 കിലോമീറ്റർ ദൂരം താണ്ടി മകന്റെ മൃതദേഹം ബാഗിലാക്കി ബസിൽ സഞ്ചരിച്ച് പിതാവ്. ആംബുലൻസിനായി 8000 രൂപ അടക്കാൻ നിവർത്തിയില്ലാതെ വന്നപ്പോഴാണ് പിതാവിന് കുഞ്ഞിന്റെ മൃതദേഹം ബാഗിലാക്കി സഞ്ചരിക്കേണ്ടി വന്നത്. സിൽഗുരിയിൽ നിന്ന് കാളിയാഗഞ്ചിലേക്കാണ് മൃതദേഹം എത്തിച്ചത്.
സിൽഗുരിയിലെ നോർത്ത് ബംഗാൾ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു മകന് ആറു ദിവസത്തെ ചികിത്സയ്ക്കായി 16,000 രൂപയോളം ചെലവാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാളിയാഗഞ്ചിലെ വീട്ടിലെത്തിക്കാൻ ആംബുലൻസ് ഡ്രൈവർ ആവശ്യപ്പെട്ട 8,000 രൂപ നൽകാൻ തന്റെ കൈയിൽ പണമുണ്ടായിരുന്നില്ലെന്ന് അഷിം ദേബ് ശർമ പറഞ്ഞു.
മൃതദേഹം ബാഗിലാക്കി ബസിൽ കയറുകയായിരുന്നു. മറ്റാരെങ്കിലും അറിഞ്ഞാൽ തന്നെ ബസിൽ നിന്ന് ഇറക്കിവിടുമോയെന്ന് ഭയന്നു. 102 സംവിധാനത്തിൽ പ്രവർത്തിക്കുന്ന ആംബുലൻസുകൾ രോഗികൾക്ക് വേണ്ടിയാണ് സൗജന്യമായി പ്രവർത്തിക്കുന്നത്, മൃതദേഹങ്ങൾക്കായല്ലെന്ന് ആംബുലൻസ് ഡ്രൈവർ തന്നോട് പറഞ്ഞുവെന്നും അഷിം വെളിപ്പെടുത്തി.