Sunday, April 18, 2021
Home News Kerala അറബിക്കടലിൽ ന്യൂനമർദം; മലപ്പുറത്ത് മൂന്ന് ബോട്ടുകൾ അപകടത്തിൽപ്പെട്ടു; ഒമ്പതു പേരെ കാണാതായി

അറബിക്കടലിൽ ന്യൂനമർദം; മലപ്പുറത്ത് മൂന്ന് ബോട്ടുകൾ അപകടത്തിൽപ്പെട്ടു; ഒമ്പതു പേരെ കാണാതായി

മലപ്പുറം: പൊന്നാനി, താനൂർ മേഖലകളിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ മൂന്ന് ബോട്ടുകൾ അപകടത്തിൽപ്പെട്ട് ഒമ്പതു പേരെ കാണാതായി. അപകടത്തിൽ പെട്ട ഒരു ബോട്ടിൽ നിന്ന് സഹായമഭ്യർഥിച്ച് അധികൃതർക്ക് ലഭിച്ച ശബ്ദ സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ തിരച്ചിൽ നടക്കുകയാണ്. മലപ്പുറം താനൂരിൽ ഫൈബർ വള്ളം മുങ്ങി മൂന്ന് പേരെയാണ് കാണാതായത്.

വിള്ളൽ വീണ ബോട്ടിൽ നടുക്കടലിൽ കുടുങ്ങിയിരിക്കുകയാണ് അലിഫ് ബോട്ടിലെ ആറ് പേർ. തൃശൂർ നാട്ടിക ഭാഗത്ത് കുടുങ്ങിയ ബോട്ടിൽ വെള്ളം കയറിക്കൊണ്ടിരിക്കുകയാണെന്നാണ് വിവരം.

മലപ്പുറം താനൂരിൽ മുങ്ങിയ ബോട്ടിൽനിന്ന് മൂന്ന് പേർ നീന്തി രക്ഷപ്പെട്ടു. അഞ്ച് മലയാളികളും ഒരു അതിഥി തൊഴിലാളിയുമാണ് ഈ ബോട്ടിലുണ്ടായിരുന്നത്. മൂന്ന് പേർക്കായി തിരച്ചിൽ നടന്നുവരികയാണ്. നാല് പേരുമായി പോയ നൂറുൽ ഹുദ ബോട്ട് പൊന്നാനി നായർതോട് ഭാഗത്ത് മറിഞ്ഞു. ഇതിൽ മൂന്ന് പേർ നീന്തിക്കയറിയിട്ടുണ്ട്. കാണാതായ പൊന്നാനി സ്വദേശി കബീറിനായി തിരച്ചിൽ തുടരുകയാണ്.

കോഴിക്കോട് വെള്ളയിൽ ബീച്ചിൽ തകർന്ന വള്ളം കരയ്ക്കടിഞ്ഞു. മത്സ്യബന്ധനത്തിന് പോയ വള്ളമായിരുന്നു. വള്ളത്തിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തി.

അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദം മൂലം സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. പ്രത്യേകിച്ച് വടക്കൻ ജില്ലകളിൽ ഇന്ന് നിർത്താതെ മഴ പെയ്യുകയാണ്.

Most Popular