Monday, May 10, 2021
Home News National പ്രതിഷേധങ്ങൾ നിലനിൽക്കെ രാജ്യസഭ കാർഷിക ബില്ലുകൾ പാസ്സാക്കി

പ്രതിഷേധങ്ങൾ നിലനിൽക്കെ രാജ്യസഭ കാർഷിക ബില്ലുകൾ പാസ്സാക്കി

ന്യൂഡൽഹി: പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധങ്ങൾക്കും നാടകീയ സംഭവങ്ങൾക്കുമൊടുവിൽ വിവാദ കാർഷിക ബില്ലുകൾ രാജ്യസഭ പാസ്സാക്കി. ശബ്ദ വോട്ടോടെയാണ് ബില്ല് പാസ്സായത്. കാർഷിക മേഖലയുമായി ബന്ധപ്പെട്ട് വളരെ ചർച്ചകൾക്ക് വഴിയൊരുക്കുന്ന മൂന്ന് ബില്ലുകളിൽ രണ്ടെണ്ണമാണ് ഇന്ന് പാസ്സാക്കിയത്.

വിപണിയിലെ നിയന്ത്രണങ്ങൾ ഒഴിവാക്കി വിപുലമായ തോതിൽ കർഷകർക്ക് ഉത്പനങ്ങൾ വിറ്റഴിക്കുന്നതിനുള്ള ബില്ലും ഭൂമി പാട്ടത്തിന് നൽകുന്നതുമായി ബന്ധപ്പെട്ട ബില്ലുമാണ് പാസ്സാക്കിയത്.

കാർഷിക ബില്ലുകളുടെ വോട്ടെടുപ്പിനിടെ രാജ്യസഭയിൽ നാടകീയ രംഗങ്ങൾ അരങ്ങേറി. മുദ്രാവാക്യം വിളികളുമായി നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം സഭാ അധ്യക്ഷന് നേരെ പാഞ്ഞടുത്തു. പ്രസംഗം തടസ്സപ്പെടുത്താൻ ശ്രമിച്ച പ്രതിപക്ഷ അംഗങ്ങൾ മൈക്ക് തട്ടിയെടുക്കുകയും ചെയ്തതിനെ തുടർന്ന് സഭ അൽപസമയം നിർത്തിവെച്ചു.

കാർഷിക ബില്ലുകൾ ശബ്ദ വോട്ടിനിടാൻ സഭാ അധ്യക്ഷൻ ശ്രമിച്ചതോടെയാണ് പ്രതിപക്ഷം പ്രതിഷേധം ആരംഭിച്ചത്. ടിഎംസി എംപി ഡെറിക് ഓ ബെറിൻ അധ്യക്ഷന് നേരെ പാഞ്ഞടുക്കുകയും രാജ്യസഭാ റൂൾബുക്ക് ഉയർത്തിക്കാണിക്കുകയും ചെയ്തു. പിന്നാലെ ചെയറിന് മുന്നിലുള്ള ചില പേപ്പറുകൾ കീറിയെറിയുകയും ചെയ്തു. ഇതിനിടെ മറ്റു പ്രതിപക്ഷ അംഗങ്ങളും മുദ്രാവാക്യം വിളികളുമായി നടുത്തളത്തിൽ ഇറങ്ങി.

സഭാ അധ്യക്ഷന്റെ മുന്നിലുള്ള മൈക്ക് പ്രതിപക്ഷ അംഗങ്ങൾ തകർത്തു. പ്രതിഷേധം ശക്തമായതോടെ സഭ 1.41 വരെ നിർത്തിവെച്ചു. പിന്നീട് പുനരാരംഭിച്ചെങ്കിലും ബഹളം തുടർന്നു. ഇതിനിടയിലാണ് ബില്ല് ശബ്ദ വോട്ടോടെ പാസ്സാക്കിയതായി രാജ്യസഭാ അധ്യക്ഷൻ അറിയിച്ചത്.

സർക്കാരിന്റെ കാർഷിക വിരുദ്ധ നിയമനിർമാണത്തിനെതിരെ രാജ്യത്തൊട്ടാകെയുള്ള കർഷകരുടെ പ്രതിഷേധം സംബന്ധിച്ച് ചർച്ച ചെയ്യാൻ ആവശ്യപ്പെട്ട് കോൺഗ്രസ് എംപി ടിഎൻ പ്രതാപൻ ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു.

Most Popular