ന്യൂഡൽഹി: ആഭ്യന്തര വിമാനങ്ങളില്‍ ഇനി ഭക്ഷണം വിതരണം ചെയ്യാം. നിയന്ത്രണങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര സർക്കാർ നടപടി. രാജ്യത്തെ എല്ലാ ആഭ്യന്തര വിമാനങ്ങളിലും (Domestic Flights) ഭക്ഷണ സേവനങ്ങള്‍ (Meal Services) പുനരാരംഭിക്കുന്നതായി നവംബര്‍ 16 ന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം (Ministry of Civil Aviation) അറിയിച്ചു. കോവിഡ് മഹാമാരി (Covid Pandemic) ആരംഭിച്ചതിനു ശേഷം രണ്ട് മണിക്കൂറില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള വിമാനങ്ങളിൽ മാത്രമായി ഭക്ഷണ സേവനങ്ങള്‍ പരിമിതപ്പെടുത്തിയിരുന്നു.
കൂടാതെ, വിമാന യാത്രികര്‍ക്ക് മാസികകളും പത്രങ്ങളും നല്‍കാനും വിമാനക്കമ്പനികള്‍ക്ക് വ്യോമയാന മന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ട്. കൊറോണ വൈറസ് പ്രതിസന്ധിക്കിടയില്‍ കഴിഞ്ഞ വര്‍ഷം മെയ് മാസം വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചപ്പോൾ മാസികകളും പത്രങ്ങളും യാത്രികർക്ക് നൽകുന്നതിൽ നിരോധനം ഏർപ്പെടുത്തിയിരുന്നു. 100 ശതമാനം ശേഷിയിൽ വിമാനങ്ങള്‍ പുനരാരംഭിക്കാന്‍ ആഭ്യന്തര വിമാന കമ്പനികള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്കി ഒരു മാസത്തിന് ശേഷമാണ് നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നത്. കൊറോണ വൈറസ് ബാധിതരുടെ എണ്ണം കുറയുന്നതും കഴിഞ്ഞ രണ്ട് മാസങ്ങളായി ആഭ്യന്തര വ്യോമയാന ഗതാഗതത്തിലെ കുതിച്ചുചാട്ടവും കണക്കിലെടുത്താണ് പുതിയ തീരുമാനം.