
നെടുമ്പാശ്ശേരി : വിദേശ വിമാന സർവീസുകൾ ഭാഗീകമായി പുനരാരംഭിച്ചതോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ തിരക്കേറി. കോവിഡ് വ്യാപനത്തെത്തുടർന്ന് നിശ്ചലമായ വിമാനസർവീസുകൾ ഭാഗികമായി പുനരാരംഭിച്ചുവരികയാണ്. ഇന്നലെ ദോഹയിലേക്ക് അഞ്ച് വിമാനങ്ങളും ഷാര്‍ജ, ദുബായ് എന്നിവിടങ്ങളിലേക്ക് നാല് വിമാനങ്ങളും ലണ്ടനിലേക്ക് ഒരു വിമാനവും സര്‍വീസ് നടത്തി.
കൊച്ചിയില്‍ നിന്ന് അന്താരാഷ്ട്ര – ആഭ്യന്തര യാത്രക്കാരായി ഇന്നലെ 6,089 പേരുണ്ടായിരുന്നു. ഇതില്‍ വിദേശത്തേക്ക് പോയത് 4,131 പേര്‍. സൗദി എയര്‍ലൈന്‍സിന്റെ വിമാനത്തില്‍ 395 പേരാണ് പറന്നത്. സെപ്തംബര്‍ രണ്ടുമുതല്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ് കൊച്ചിയില്‍ നിന്ന് വിവിധ രാജ്യങ്ങളിലേക്ക് സര്‍വീസ് പ്രഖ്യാപിച്ചു. സൗദി എയര്‍ലൈന്‍സ് ആഴ്ചയില്‍ മൂന്ന് വിമാനങ്ങള്‍ ഗള്‍ഫിലേക്ക് സര്‍വീസ് നടത്തും. വിമാനസർവീസുകൾ പുനരാരംഭിക്കുന്നത് പ്രവാസികൾക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്.