കണ്ണൂര്‍ : ഇന്ധന സെസ് ഒരു രൂപ പോലും കുറയ്ക്കില്ലെന്ന സൂചന നല്‍കി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പെട്രോള്‍, ഡീസല്‍ എന്നിവയ്ക്ക് ലിറ്ററിന് രണ്ട് രൂപയുടെ സെസാണ് സംസ്ഥാന ബഡ്ജറ്റിലൂടെ സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചത്. അതേസമയം ഇനി കേന്ദ്രം ഇന്ധന വില വര്‍ദ്ധിപ്പിച്ചാല്‍ സി പി എം പ്രത്യക്ഷ സമരത്തിന് ഇറങ്ങുമെന്നും സി പി എം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.മുഖ്യമന്ത്രിക്ക് അധിക സുരക്ഷയില്ലെന്നും ഇപ്പോള്‍ നടക്കുന്നത് ജനകീയ സമരമല്ലെന്നും ചാവേറുകളെ പോലെ വാഹനത്തിന് മുന്നില്‍ ചാടുകയാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
സ്വര്‍ണക്കടത്ത് കേസില്‍ ഏത് അന്വേഷണം നടന്നാലും അത് മുഖ്യമന്ത്രിയിലേക്കെത്തില്ല. പാര്‍ട്ടിയാണ് സര്‍ക്കാരിന്‌റെ നയം സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രിക്ക് എന്തും തീരുമാനിക്കാനുള്ള അധികാരമില്ലെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി.
കേന്ദ്രം നികുതി വര്‍ദ്ധിപ്പിക്കുമ്ബോള്‍ പ്രതിഷേധിക്കാത്തവരാണ് കേരളത്തില്‍ ഇന്ധന വിലകൂട്ടുമ്ബോള്‍ വികാരം കൊള്ളുന്നത്. ഇത് രാഷ്ട്രീയ കാരണത്താലാണെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു. അടുത്ത വര്‍ഷത്തെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയെ സജ്ജമാക്കാനുള്ള ജാഥ നാളെ വൈകിട്ട് കുമ്ബളയില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യുക.
സി.പി.എം സംസ്ഥാന സെക്രട്ടറിയായ ശേഷം എം.വി. ഗോവിന്ദന്‍ നയിക്കുന്ന ആദ്യ സംസ്ഥാന ജാഥയാണ്. പി.കെ. ബിജു മാനേജരും എം. സ്വരാജ്, സി.എസ്. സുജാത, ജെയ്ക് സി. തോമസ്, കെ.ടി. ജലീല്‍ എന്നിവര്‍ അംഗങ്ങളുമാണ്. യുവനിരയ്ക്ക് പ്രാമുഖ്യം നല്‍കിയാണ് ജാഥ.
സംസ്ഥാനത്തിന് അര്‍ഹമായ നികുതിവിഹിതം കേന്ദ്രം നല്‍കാത്തതും ജി.എസ്.ടി നഷ്ടപരിഹാരവും റവന്യൂകമ്മി ഗ്രാന്റും നിറുത്തലാക്കുന്നതും വായ്പാപരിധി വെട്ടിക്കുറയ്ക്കുന്നതും മറ്റും ജാഥയില്‍ ജനങ്ങളോട് വിശദീകരിക്കാനാണ് സി.പി.എം തീരുമാനം.