ബർലിൻ: പടിഞ്ഞാറൻ ജർമൻ നഗരമായ സോളിംഗനിൽ ഫ്ലാറ്റിൽ അഞ്ച് കുട്ടികളുടെ മൃതദേഹം കണ്ടെത്തി. കുട്ടികളെ വകവരുത്തിയത് മാതാവാണെന്നും തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പോലീസ് അറിയിച്ചു. ഒന്ന് മുതൽ എട്ട് വരെ പ്രായമുള്ള മൂന്ന് പെൺകുട്ടികളുടെയും രണ്ട് ആൺകുട്ടികളുടെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
കുട്ടികളെ കൊന്ന ശേഷം ഫ്ലാറ്റിൽ നിന്ന് പോയ മാതാവ് 35 കിലോമീറ്റർ അകലെയുള്ള ഡസ്സൽഡോർഫിലെ പ്രധാന റെയിൽവേ സ്റ്റേഷനിൽ ചെന്ന് ട്രെയിനിന് മുന്നിൽ ചാടി മരിക്കാൻ ശ്രമിക്കുകയായിരുന്നു. ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ട ഇവർ ഇപ്പോൾ പോലീസ് സംരക്ഷണയിൽ ചികിത്സയിൽ കഴിയുകയാണ്.
27കാരിയായ തന്റെ മകൾ അവളുടെ അഞ്ച് മക്കളെ കൊന്ന് ആത്മഹത്യ ചെയ്യാനുള്ള ഉദ്ദേശ്യത്തോടെ മൂത്ത കുട്ടിയുമായി ഫ്ലാറ്റിൽ നിന്ന് ഓടിപ്പോയതായി പോലീസിനെ വിളിച്ചറിയിച്ചത് കുട്ടികളുടെ മുത്തശ്ശിയാണ്. 11 വയസ്സുകാരനായ മൂത്ത കുട്ടിയെ പിന്നീട് പരിക്കേൽക്കാതെ കണ്ടെത്തി.