Tuesday, August 3, 2021
Home News Kerala വയനാട്ടില്‍ മരം വീണ് ബാലിക മരിച്ചു

വയനാട്ടില്‍ മരം വീണ് ബാലിക മരിച്ചു

കല്‍പ്പറ്റ: കനത്ത മഴയെ തുടര്‍ന്ന് വീടിനു മുകളില്‍ മരം വീണ് ബാലിക മരിച്ചു. വയനാട് തവിഞ്ഞാല്‍ വാളാട് തോളക്കര ആദിവാസി കോളനിയിലെ ജ്യോതിക (ആറ് വയസ്സ്)യാണ് മരിച്ചത്. അപകടത്തില്‍ ജ്യോതികയുടെ അച്ഛന്‍ ബാബുവിന്റെ ഒരു കാല്‍ പൂര്‍ണമായും നഷ്ടപ്പെട്ടു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.

ഇന്നലെ രാത്രി സംസ്ഥാനത്തെ വടക്കന്‍ ജില്ലകളില്‍ കനത്ത മഴയും ശക്തിയേറിയ കാറ്റും അനുഭവപ്പെട്ടിരുന്നു. കോഴിക്കോട്, കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍ വ്യാപക നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കോഴിക്കോട് പുതിയങ്ങാടി, ഈസ്റ്റ്ഹില്‍, കാമ്പുറം, കോവൂര്‍, മാളിക്കടവ്, കരുവിശ്ശേരി, ബൈപ്പാസ് റോഡ് എന്നിവിടങ്ങളില്‍ മരംവീണു. പല സ്ഥലങ്ങളിലും മണിക്കൂറുകളോളം വൈദ്യുതിയും വാഹനതഗതാഗതവും തടസ്സപ്പെട്ടു. താഴ്ന്ന പ്രദേശങ്ങളും റോഡുകളും വെള്ളത്തിനടിയിലായി. തീരമേഖലകളിലും സ്ഥിതി രൂക്ഷമായിരുന്നു.

കണ്ണൂരില്‍ ശക്തമായ കാറ്റിനെ തുടര്‍ന്ന് മരം വീണ് മൂന്ന് വീടുകള്‍ തകര്‍ന്നു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്ക് മരം വീണ് യാത്രക്കാര്‍ക്കും പരിക്കേറ്റു. മേലെചൊവ്വ ദേശീയപാതയില്‍ വന്‍മരം കടപുഴകി വീണ് മണിക്കൂറുകളോളം ഗതാഗതതടസ്സമുണ്ടായി. പല സ്ഥലങ്ങളിലും വൈദ്യുതി ലൈന്‍ പൊട്ടി വീണ് ഏറെ നേരം വൈദ്യുതി മുടങ്ങി. കാസര്‍കോട് ചെറുവത്തൂര്‍, ബന്തടുക്ക, ചീമേനി, രാജപുരം, എന്നിവിടങ്ങളിലും അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Most Popular