Sunday, July 25, 2021
Home News Kerala സ്വർണ്ണക്കടത്ത് കേസ്: ശിവശങ്കറിനെ എൻഫോഴ്‌സമെന്റ് വീണ്ടും ചോദ്യം ചെയ്യും

സ്വർണ്ണക്കടത്ത് കേസ്: ശിവശങ്കറിനെ എൻഫോഴ്‌സമെന്റ് വീണ്ടും ചോദ്യം ചെയ്യും

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്തിയ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ശിവശങ്കറിന് നോട്ടീസ് നൽകി.

സ്വർണക്കടത്തുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട്, അനധികൃത സ്വത്ത് സമ്പാദനം ഉൾപ്പെടെയുള്ള കാര്യങ്ങൾ ആണ് ഇഡി അന്വേഷിക്കുന്നത്. ഇക്കാര്യം ഉൾപ്പെടെ പരിശോധിക്കുന്നതിനായാണ് ശിവശങ്കറിനെതിരായ നടപടി. ദുബായിൽ ശിവശങ്കർ നടത്തിയ കൂടികാഴ്ചകൾ, സ്വപ്നയുടെ സാമ്പത്തിക ഇടപാടുകൾ എന്നിവയെല്ലാം അന്വേഷണ വിധേയമാക്കും.

ശിവശങ്കറിനെ ചോദ്യം ചെയ്യേണ്ടി വരുമെന്ന് ഇഡി നേരത്തെ കോടതിയിലും റിപ്പോർട്ട് ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുമായി തനിക്കുള്ള ബന്ധം സ്വപ്ന ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിരുന്നു. സ്വപ്നയുടെ ഇടപാടുകളെ കുറിച്ച് ശിവശങ്കറിന് അറിവുണ്ടായിരുന്നു എന്നും ഇഡി ചൂണ്ടിക്കാട്ടി. സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസിൽ കാര്യമായ സ്വാധീനമുണ്ടായിരുന്നെന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നൽകിയ അപേക്ഷയിൽ ഇ ഡി വ്യക്തമാക്കി.

ഇത് രണ്ടാം തവണയാണ് ശിവശങ്കറിനെ എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യുന്നത്. ഇതിനായി വരുന്ന ചൊവ്വാഴ്ച കൊച്ചിയിലെ എൻഫോഴ്‌സ്‌മെന്റ് ഓഫീസിൽ ഹാജറാവണമെന്നാണ് നിർദേശം. കൂടാതെ, ശിവശങ്കറിനെ എൻഐഎയും വീണ്ടും ചോദ്യം ചെയ്‌തേക്കും.

Most Popular