തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ യുഎഇ ബന്ധം വ്യക്തമായ സാഹചര്യത്തില്‍ എന്‍ഐഎ അന്വേഷണത്തിനായി ദുബായിലേക്ക് പോകും. യാത്രക്കായി എന്‍ഐഎ കേന്ദ്രആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതി തേടിയിട്ടുണ്ട്. യുഎഇയില്‍ നിന്നുള്ള പ്രളയദുരിതാശ്വാസ ഫണ്ട് സ്വപ്ന സുരേഷ് വഴി തട്ടിയെടുത്തെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് അവിടെ ചെന്ന് അന്വേഷണം നടത്താനുള്ള തീരുമാനം. വിപുലമായ തെളിവ് ശേഖരിക്കണമെങ്കില്‍ അവിടെ ചെല്ലണമെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍.
അതേസമയം, കേസിലെ തീവ്രവാദബന്ധത്തിന്റെ വിശദാംശങ്ങളടങ്ങിയ ഡയറി എന്‍ഐഎ ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും. കൂടാതെ സ്വപ്നയുടെ ജാമ്യഹരജിയും എന്‍ഐഎയുടെ പരിഗണനയിലുണ്ട്.
യുഎഇയിലെ സന്നദ്ധസംഘടന കേരളത്തിലെ ഭവനനിര്‍മാണത്തിന് നല്കിയ ഒരുകോടി ദിര്‍ഹത്തിന്റെ (ഏകദേശം 20 കോടി രൂപ) സഹായത്തിലാണ് വെട്ടിപ്പ് നടത്തിയത്. എന്നാല്‍, 1.38 കോടി രൂപ മാത്രമാണ് ഇടനിലക്കാരിയായി താന്‍ നേടിയതെന്നാണ് സ്വപ്ന മൊഴിയില്‍ പറഞ്ഞിരിക്കുന്നത്. കോടിക്കണക്കിന് രൂപ സ്വപ്നക്കും സംഘത്തിനും ലഭിച്ചിട്ടുണ്ടെന്നും പിടിയിലാകുന്നതിനുമുമ്പ് ഇത് ഒളിപ്പിച്ചിരിക്കാന്‍ സാധ്യതയുണ്ടെന്നുമാണ് അന്വേഷണസംഘം വിലയിരുത്തുന്നത്.