സ്ഥിരപ്പെടുത്തല്‍ നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ തീരുമാനം

pinarayi vijayan home quarantine

തിരുവനന്തപുരം: താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് നിര്‍ത്തിവെക്കാന്‍ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. മൂന്നു മണിക്കൂറോളം നീണ്ട മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഇതുവരെ സ്ഥിരപ്പെടുത്തല്‍ നടക്കാത്ത വകുപ്പുകളിലാകും ഇന്നത്തെ തീരുമാനം ബാധകമാവുക.

താത്ക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്ന സര്‍ക്കാരിന്റെ നീക്കത്തിനെതിരെ സംസ്ഥാനത്ത് ഉയരുന്ന പ്രതിഷേധം കണക്കിലെടുത്താണ് നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോകുന്നത്.

സ്ഥിരപ്പെടുത്തലുമായി ബന്ധപ്പെട്ട് വലിയ ഫയല്‍ തന്നെ സര്‍ക്കാരിന് മുന്നിലുണ്ടെന്നാണ് വിവരം. ആരോഗ്യ വകുപ്പിലും വനംവകുപ്പിലും സ്ഥിരപ്പെടുത്തലിനുള്ള നീക്കങ്ങള്‍ തകൃതിയായി നടക്കുന്നുമുണ്ട്. കഴിഞ്ഞ മന്ത്രിസഭായോഗത്തില്‍ ഇരുന്നൂറില്‍ അധികം താത്ക്കാലികക്കാരെ സ്ഥിരപ്പെടുത്തിയിരുന്നു.

സെക്രട്ടേറിയേറ്റിനു മുന്നിലെ ഉദ്യോഗാര്‍ഥികളുടെ സമരവും അര്‍ഹതയില്ലാത്തവരെ സ്ഥിരപ്പെടുത്താന്‍ നീക്കം നടക്കുന്നു എന്ന പ്രതിപക്ഷ ആരോപണവും തിരിച്ചടിയാകുമെന്ന തിരിച്ചറിവുമാണ് സ്ഥിരപ്പെടുത്തല്‍ നീക്കത്തില്‍നിന്ന് പിന്മാറാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.അതേസമയം ആരോഗ്യ വകുപ്പിലും റവന്യൂ വകുപ്പിലും പുതിയ തസ്തികകള്‍ സൃഷ്ടിക്കാനും ഇന്നത്തെ മന്ത്രിസഭായോഗത്തില്‍ തിരുമാനമായിട്ടുണ്ട്