സര്‍ക്കാര്‍ സുപ്രീം കോടതി വഴി വിദഗ്ധ സമിതിയെ രംഗത്തിറക്കി; സഹകരിക്കില്ലെന്ന് കര്‍ഷക സംഘടനകള്‍

farmer-discussion

ന്യൂഡല്‍ഹി: കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയിലെ ഒരു നിര്‍ദേശത്തെ സ്വാഗതം ചെയ്തും മറ്റൊന്ന് തള്ളിക്കളഞ്ഞും കര്‍ഷക സംഘടനകള്‍. കാര്‍ഷിക നിയമങ്ങളെക്കുറിച്ച് പഠിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച സമിതിയുമായി സഹകരിക്കുകയോ ചര്‍ച്ച നടത്തുകയോ ചെയ്യില്ലെന്ന് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി. വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ സുപ്രീം കോടതി സ്റ്റേ ചെയ്യുകയും അവയെപ്പറ്റി പഠിക്കാന്‍ വിദഗ്ധ സമിതി രൂപവത്കരിക്കുകയും ചെയ്തതിന് പിന്നാലെയാണ് പ്രതികരണം.

വിദഗ്ധ സമിതിയെ അംഗീകരിക്കില്ല. സമിതിയിലെ അംഗങ്ങളെല്ലാം സര്‍ക്കാര്‍ നിലപാടിനെ പിന്തുണയ്ക്കുന്നവരാണ്. അവര്‍ കാര്‍ഷിക നിയമങ്ങളെ പിന്തുണയ്ക്കുന്നവരാണ്. കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയിലൂടെ സമിതിയെ രംഗത്തിറക്കിയെന്നാണ് കരുതുന്നത്. ശ്രദ്ധതിരിക്കാനുള്ള ഒരു തന്ത്രം മാത്രമാണ് വിദഗ്ധ സമിതി. സമിതി അംഗങ്ങളെ മാറ്റി പുതിയ അംഗങ്ങളെ നിയമിച്ചാല്‍പ്പോലും അവരുമായി ചര്‍ച്ച നടത്താന്‍ തയ്യാറല്ല.

എന്നാല്‍, കാര്‍ഷിക നിയമങ്ങള്‍ സുപ്രീം കോടതി സ്റ്റേ ചെയ്തത് നല്ലകാര്യമാണ്. തീരുമാനം സ്വാഗതാര്‍ഹമാണ്. എന്നാല്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതില്‍ കുറഞ്ഞ മറ്റൊന്നും തങ്ങള്‍ക്ക് സ്വീകാര്യമല്ല. ഈ സാഹചര്യത്തില്‍ പ്രക്ഷോഭം രാജ്യവ്യാപകമാക്കുമെന്നും പഞ്ചാബിലെ കര്‍ഷക സംഘടനകള്‍ ചൊവ്വാഴ്ച വൈകീട്ട് വ്യക്തമാക്കി.

ജനുവരി 26 ന് നിശ്ചയിച്ചിട്ടുള്ള പ്രക്ഷോഭവുമായി മുന്നോട്ടു പോകുമെന്ന് കര്‍ഷകര്‍ നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു. സുപ്രീം കോടതിയുടെ നോട്ടീസ് ഉണ്ടെങ്കിലും റിപ്പബ്ലിക് ദിനത്തില്‍ പ്രക്ഷോഭം നടത്തും. പൂര്‍ണമായും സമാധാനപരം ആയിരിക്കും പ്രതിഷേധം. പാര്‍ലമെന്റിലേക്കും ചുവപ്പ് കോട്ടയിലേക്കും കര്‍ഷകര്‍ മാര്‍ച്ച് നടത്തുമെന്ന തരത്തില്‍ തെറ്റായ പ്രചാരണം നടക്കുന്നുണ്ട്. എന്നാല്‍ മാര്‍ച്ചിനെപ്പറ്റി ജനുവരി 15 നേ തീരുമാനിക്കൂ. അക്രമം ഒരു തരത്തിലും പ്രോത്സാഹിപ്പിക്കില്ലെന്നും കര്‍ഷക സംഘടനകള്‍ പറഞ്ഞു.