ഗവർണർ ആരിഫ് മുഹമ്മദും മുഖ്യമന്ത്രി പിണറായി വിജയനും പെട്ടിമുടി സന്ദർശിച്ചു

മൂന്നാർ: ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും പെട്ടിമുടിയിലെ ദുരന്തഭൂമി സന്ദർശിച്ചു. രക്ഷപ്പെട്ട മറ്റ് ലയങ്ങളിലുള്ളവരുമായി ഇവർ സംസാരിച്ചു.
തൊഴിലാളികളുടെ പ്രശ്‌നങ്ങൾ കേൾക്കുന്നതിനായി മൂന്നാർ ടി കൗണ്ടിയിലേക്ക് ഇവരെ കൊണ്ടുവരാൻ മുഖ്യമന്ത്രി നിർദേശം നൽകി.

റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ, മന്ത്രി എം എം മണി, മന്ത്രി ടി പി രാമകൃഷ്ണൻ, ഡീൻ കുര്യാക്കോസ് എംപി, എസ് രാജേന്ദ്രൻ എംഎൽഎ, ഇ എസ് ബിജിമോൾ എംഎൽഎ, ഡിജിപി ലോക് നാഥ് ബഹ്‌റ, ദക്ഷിണമേഖല റേഞ്ച് ഐജി ഹർഷിത അട്ടല്ലൂരി, ഐ ജി യോഗേഷ് അഗർവാൾ, ജില്ലാ കലക്ടർ എച്ച് ദിനേശൻ, എസ് പി ആർ കറുപ്പസ്വാമി എന്നിവരും ഇവരുടെ ഒപ്പമുണ്ടായിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെയാണ് ഇടുക്കി രാജമലയിലെ പെട്ടിമുടിയൽ ഉരുൾപൊട്ടൽ ഉണ്ടായത്. 80ഓളെ പേർ താമസിക്കുന്ന മൂന്ന് ലയങ്ങൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞു വീഴുകയായിരുന്നു. സംഭവം നടന്ന ദിവസം നടന്ന രക്ഷാപ്രവർത്തനത്തിൽ രക്ഷപ്പെടുത്തിയ 14 പേരെ മാത്രമാണ് ജീവനോടെ കണ്ടെത്താനായത്. ഇതുവരെ 49 മൃതദേഹങ്ങൾ ലഭിച്ചു. ദേശീയ ദുരന്തനിവാരണ സംഘവും മറ്റുള്ളവരും രക്ഷാപ്രവർത്തനം തുടരുകയാണ്.