അണക്കെട്ടില്‍ വീണ ഫോണ്‍ എടുക്കാന്‍ 21 ലക്ഷം ലിറ്റർ വെള്ളം വറ്റിച്ച് സർക്കാർ ഉദ്യോഗസ്ഥൻ

അണക്കെട്ടില്‍ വീണ ഫോണ്‍ എടുക്കാന്‍ വെള്ളം വറ്റിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍. ചത്തീസ്ഗഡിലെ കാങ്കര്‍ ജില്ലയിലാണ് സംഭവം. കോയ്‌ലിബെഡ ബ്ലോക്ക് പഞ്ചായത്തില്‍ ഭക്ഷ്യ വകുപ്പ് ഉദ്യോഗസ്ഥനായ രാജേഷ് വിശ്വാസ് ആണ് അണക്കെട്ടിലെ വെള്ളം പമ്പ് ചെയ്ത് വറ്റിച്ചത്. ഇയാൾ ഒഴുക്കി കളഞ്ഞത് 21 ലക്ഷം ലിറ്റര്‍ വെള്ളമാണ്.

അവധിക്കാലം ആഘോഷിക്കാൻ സുഹൃത്തുക്കൾക്കൊപ്പം എത്തിയതായിരുന്നു രാജേഷ്. സുഹൃത്തുക്കൾക്കൊപ്പം സെൽഫിയെടുക്കുന്നതിനിടെയാണ് ഫോൺ വെള്ളത്തിലേക്ക് വീണു പോയത്. ഒദ്യോഗിക വിവരങ്ങൾ അടങ്ങിയ ഫോൺ ആയതിനാലാണ് വെള്ളം വറ്റിച്ചതെന്നാണ് ഇയാൾ നൽകുന്ന വിശദീകരണം. ഫോൺ തിരികെ ലഭിച്ചെങ്കിലും മൂന്ന് ദിവസം വെള്ളത്തിൽ കിടന്നതിനാൽ അത് ഉപയോഗ ശൂന്യമായ നിലയിലാണ്.

1500 ഏക്കറോളം കൃഷി സ്ഥലത്തേക്കുള്ള വെള്ളമായിരുന്നു അത്. സംഭവത്തിൽ വലിയ വിമര്‍ശനമാണ് സര്‍ക്കാരിനെതിരെയും ജലസേചനവകുപ്പിനെതിരെയും ഉണ്ടായത്. അതേ സമയം താൻ വെള്ളം വറ്റിച്ചത് അധികൃതരുടെ അറിവോടെയാണെന്നാണ് രാജേഷ് വിശ്വാസ് പറയുന്നത്.