Sunday, July 25, 2021
Home News National ഇന്ത്യയിൽ ആഭ്യന്തര വിമാന സർവീസുകളിൽ ഭക്ഷണവിതരണത്തിന് അനുമതി നൽകി

ഇന്ത്യയിൽ ആഭ്യന്തര വിമാന സർവീസുകളിൽ ഭക്ഷണവിതരണത്തിന് അനുമതി നൽകി

ന്യൂഡൽഹി: ആഭ്യന്തര വിമാന സർവീസുകളിൽ ഭക്ഷണം വിതരണം ചെയ്യാൻ ഇന്ത്യൻ വ്യോമയാന മന്ത്രാലയം വിമാനക്കമ്പനികൾക്ക് അനുമതി നൽകി. പായ്ക്ക് ചെയ്ത ലഘുഭക്ഷണങ്ങളും പാനീയങ്ങളും വിതരണം ചെയ്യാം. രാജ്യാന്തര വിമാനങ്ങളിൽ ചൂടുള്ള ഭക്ഷണം നൽകുന്നതിനും അനുമതിയുണ്ട്.

കൊവിഡ് മഹാമാരിയെ തുടർന്ന് ആഗോളതലത്തിൽ യാത്രാനിയന്ത്രണങ്ങൾ ഉണ്ടായിരുന്നതിനാൽ നിർത്തിവെച്ച ആഭ്യന്തര വിമാന സർവീസ് മെയ് 25നാണ് പുനരാരംഭിച്ചത്. എന്നാൽ അന്ന് വിമാനങ്ങളിൽ ഭക്ഷണം വിതരണം ചെയ്യാൻ അനുമതി നൽകിയിരുന്നില്ല.

രാജ്യാന്തര വിമാനങ്ങളിൽ തന്നെ യാത്രയുടെ ദൈർഘ്യമനുസരിച്ച് പായ്ക്ക് ചെയ്ത തണുത്ത ഭക്ഷണങ്ങളും ലഘുഭക്ഷണങ്ങളും മാത്രമേ നൽകിയിരുന്നുള്ളു. ഈ നിയന്ത്രണങ്ങളാണ് വ്യോമയാന മന്ത്രാലയം ഇപ്പോൾ പിൻവലിച്ചത്.

ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഡിസ്പോസിബിൾ ട്രേ, പ്ലേറ്റുകൾ എന്നിവ മാത്രമേ ഭക്ഷണം വിതരണം ചെയ്യുമ്പോൾ ഉപയോഗിക്കാവു. ഓരോ തവണ ഭക്ഷണം വിതരണം ചെയ്യുമ്പോഴും കാബിൻ ക്യൂ അംഗങ്ങൾ കൈയുറകൾ മാറ്റണമെന്നും കേന്ദ്ര വ്യോമയാന മന്ത്രാലയം നിർദേശിച്ചു.

യാത്ര ആരംഭിക്കുമ്പോൾ ഡിസ്പോസിബിൾ ഇയർഫോണോ, അണുവിമുക്തമാക്കിയ ഹെഡ്ഫോണുകളോ യാത്രക്കാർക്ക് നൽകണം. വിമാനത്തിനുള്ളിൽ മാസ്‌ക് ധരിക്കാൻ വിസമ്മതിക്കുന്ന യാത്രക്കാരെ തുടർന്ന് യാത്ര ചെയ്യാൻ അനുവദിക്കേണ്ടതില്ലെന്നും ഡിജിസിഎയിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. വിമാനങ്ങളിലെ വിനോദ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുന്നതിനും കുഴപ്പമില്ല.

Most Popular