ഗ്രൂപ്പ് കോളുകൾ ഷെഡ്യൂൾ ചെയ്യാം; പുതിയ ഫീച്ചറുമായി വാട്സ് ആപ്പ്

ന്യൂഡൽഹി: ഗ്രൂപ്പ് കോളുകൾ ഷെഡ്യൂൾ ചെയ്ത് വെയ്ക്കാൻ സഹായിക്കുന്ന പുതിയ ഫീച്ചർ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് വാട്‌സ്‌ആപ്പ് എന്നാണ് റിപ്പോർട്ടുകൾ. നിലവിൽ ഐഒഎസ് പ്ലാറ്റ്‌ഫോമിൽ പരീക്ഷണാടിസ്ഥാനത്തിൽ ഈ ഫീച്ചർ അവതരിപ്പിച്ചിട്ടുണ്ട്. ഇത് വിജയകരമെന്ന് കണ്ടാൽ എല്ലാവർക്കും ലഭിക്കുന്ന വിധം സേവനം വിപുലപ്പെടുത്താനാണ് വാട്‌സ്‌ആപ്പ് പദ്ധതിയിടുന്നത്.

പുതിയ കോൺടെക്‌സ്റ്റ് മെനുവിൽ നിന്ന് ഷെഡ്യൂൾ കോൾ സേവനം പ്രയോജനപ്പെടുത്താൻ കഴിയുംവിധമാണ് പുതിയ ഫീച്ചർ അവതരിപ്പിക്കുക. ഗ്രൂപ്പിൽ കോൾ ബട്ടൺ അമർത്തുമ്ബോൾ കോൺടെക്‌സ്റ്റ് മെനു തെളിഞ്ഞ് വരുന്ന രീതിയിലാണ് ക്രമീകരണം ഒരുക്കുക. ഗ്രൂപ്പ് യോഗങ്ങളിൽ ഇത് വളരെയധികം പ്രയോജനപ്പെടുമെന്നാണ് റിപ്പോർട്ടുകൾ. മുൻകൂട്ടി അറിയിച്ച്‌ യോഗങ്ങൾ സംഘടിപ്പിക്കാൻ ഇതുവഴി സാധിക്കും. യോഗം സംഘടിപ്പിക്കുന്ന സമയം നേരത്തെ തന്നെ അറിയിക്കാൻ സാധിക്കുന്നത് കൊണ്ട് എല്ലാ അംഗങ്ങൾക്കും ഇതിൽ പങ്കെടുക്കുന്നതിനും ബുദ്ധിമുട്ട് ഉണ്ടാവില്ല.

വോയ്‌സ് കോളിന് പുറമേ വീഡിയോ കോളിലും സേവനം പ്രയോജനപ്പെടുത്താൻ കഴിയുംവിധമാണ് സൗകര്യം ഏർപ്പെടുത്തുക. ഗ്രൂപ്പ് കോൾ ആരംഭിക്കുമ്ബോൾ തന്നെ ഷെഡ്യൂൾ കോളിലേക്ക് പങ്കെടുക്കേണ്ട ആളുകളുടെ പേര് ചേർക്കാൻ സാധിക്കും. ഗ്രൂപ്പ് കോൾ ആരംഭിക്കുമ്ബോൾ തന്നെ എല്ലാം ഗ്രൂപ്പ് അംഗങ്ങളെയും യോഗത്തെ കുറിച്ച്‌ അറിയിക്കാൻ ഈ ഫീച്ചർ വഴി സാധിക്കുന്നത് കൊണ്ട് , ഫലപ്രദമായി യോഗം സംഘടിപ്പിക്കാൻ സാധിക്കുമെന്നാണ് റിപ്പോർട്ടുകൾ.