ഗുജറാത്തിലെ ഒന്നാം ഘട്ട വോട്ടെടുപ്പ് നാളെ

election

ഗുജറാത്തിലെ ഒന്നാം ഘട്ട വോട്ടെടുപ്പ് നാളെ. 89 സീറ്റുകളിലേക്ക് നടക്കുന്ന ഒന്നാം ഘട്ട വോട്ടെടുപ്പില്‍ 788 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. ത്രികോണ മത്സരം നടക്കുന്ന ഇത്തവണ ഗുജറാത്തില്‍ കാര്യങ്ങള്‍ സങ്കീര്‍ണ്ണമാണ്. 89 സീറ്റുകളിലേക്കാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്. 788 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. ബിജെപിയുടെ കോട്ടയായ നഗര മണ്ഡലങ്ങളും, പറമ്ബരാഗതമായി കോണ്‍ഗ്രസ്സിന് ഒപ്പം നില്‍ക്കുന്ന സൗരാഷ്ട്ര മേഘലയും, ആം ആദ്മി ശക്തി കേന്ദ്രമായ സൂറത്തും ഉള്‍പ്പെടുന്നതാണ് ആദ്യ ഘട്ടം.

പരസ്യ പ്രചാരണത്തിന്റെ അവസാന ദിവസമായ ഇന്നലെ ബിജെപിക്കായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ,ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ എന്നിവര്‍ പ്രചാരണത്തിനു എത്തി.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ, രാവണനോട് ഉപമിച്ച്‌ എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ നടത്തിയ പരാമര്‍ശമാണ് പ്രചരണത്തിന്റെ അവസാന മണിക്കൂറുകളില്‍ ബിജെപി ആയുധമാക്കിയത്. വോട്ടിലൂടെ കോണ്‍ഗ്രസിനോട് പ്രതികാരം ചെയ്യണമെന്നും കോണ്‍ഗ്രസിനെ ഗുജറാത്തില്‍ നിന്നും പുറത്താക്കണമെന്നും ആണ് ബിജെപി യുടെ ആഹ്വാനം.
എന്നാല്‍ 2002 ലെ കലാപത്തെ ഓര്‍മ്മപ്പെടുത്തി അമിത് ഷാ നടത്തിയ പ്രസംഗമാണ് കോണ്‍ഗ്രസ് പ്രചരണ വിഷയമാക്കിയത്.

സ്വാധീനമുള്ള സീറ്റുകള്‍ ഉറപ്പാക്കാനായി കരുതലോടുള്ള പ്രചാരണമാണ് അവസാന ദിനം ആംആദ്മി പാര്‍ട്ടി നടത്തിയത്.