ന്യൂഡൽഹി: ഹാഥ്റസിൽ വാർത്താശേഖരണത്തിന് പോയ മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പനെതിരേ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത നടപടിയിൽ കേന്ദ്രസർക്കാരിനെതിരേ ആഞ്ഞടിച്ച് മുതിർന്ന കോൺഗ്രസ് നേതാവും അഭിഭാഷകനുമായ കപിൽ സിബൽ. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സ്വന്തം ലക്ഷ്യം നേടുന്നതിനും രാജ്യത്തിനകത്തെ വിയോജിപ്പുകളെ നിശബ്ദമാക്കുന്നതിനും കേന്ദ്രം യുഎപിഎ ഉപയോഗിക്കുമെന്ന് ഞാൻ മുമ്പൊരിക്കൽ രാജ്യസഭയിൽ നടന്ന ചർച്ചയിൽ പറഞ്ഞിരുന്നതാണ്. നമുക്ക് വേണ്ടത് സ്വാതന്ത്ര്യമാണ്, അതിന് മുമ്പുള്ള രാജഭരണം മടക്കിക്കൊണ്ടുവരികയല്ല’- കപിൽ സിബൽ ട്വീറ്റ് ചെയ്തു. സംഭവത്തെ അപലപിച്ച് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷനും രംഗത്തെത്തി.
അതേസമയം, അന്യായമായി രാജ്യദ്രോഹക്കുറ്റവും യുഎപിഎയും ചുമത്തി യോഗി സർക്കാർ ജയിലിൽ അടച്ച മാധ്യമപ്രവർത്തകനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് എംപിമാരായ ബെന്നി ബഹനാൻ, ബിനോയ് വിശ്വം എന്നിവർ പ്രധാനമന്ത്രിക്ക് കത്തെഴുതി.
കേരള പത്രപ്രവർത്തക യൂനിയൻ ഡൽഹി ഘടകം സെക്രട്ടറി കൂടിയായ സിദ്ദീഖ് കാപ്പനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് കെയുഡബ്യുജെ നൽകിയ ഹേബിയസ് കോർപസ് ഹരജി സുപ്രിംകോടതി തിങ്കളാഴ്ച പരിഗണിച്ചേക്കും. സിദ്ദീഖിനെ കസ്റ്റഡിയിലെടുത്തത് സുപ്രിംകോടതി മാർഗരേഖയുടെ ലംഘനമാണെന്ന് അഡ്വ.വിൽസ് മാത്യൂസ് മുഖേന സമർപ്പിച്ച ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.