Tuesday, May 11, 2021
Home News National യുപിയിൽ കൂട്ടബലാത്സംഗത്തിന് ഇരയായ പെൺകുട്ടി മരിച്ചു

യുപിയിൽ കൂട്ടബലാത്സംഗത്തിന് ഇരയായ പെൺകുട്ടി മരിച്ചു

ലഖ്‌നൗ: ഉത്തർപ്രദേശിൽ നാലംഗ സംഘം ചേർന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ 19കാരി ചികിത്സയിലിരിക്കെ മരിച്ചു. ഗുരുതരാവസ്ഥയിൽ കഴിയുകയായിരുന്ന പെൺകുട്ടിയെ ഇന്നലെയാണ് വിദഗ്ധ ചികിത്സയ്ക്കായി ഡൽഹിയിലേക്ക് മാറ്റിയത്.

ഈമാസം 14ന് പടിഞ്ഞാറൻ ഉത്തർപ്രദേശിലെ ഹത്‌റാസിൽവെച്ചാണ് നാല് പേർ ചേർന്ന് പെൺകുട്ടിയെ ക്രൂരപീഡനത്തിന് ഇരയാക്കിയത്. പെൺകുട്ടിയുടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി മുറിവുകൾ ഉണ്ടെന്നും പെൺകുട്ടിയുടെ നാക്ക് മുറിച്ചെടുത്ത നിലയിലായിരുന്നെന്നും ചികിത്സിച്ച ഡോക്ടർമാർ പറഞ്ഞു. നട്ടെല്ലിനും കഴുത്തിനും ഗുരുതര പരിക്കേറ്റിരുന്നു. യുവതിയെ പീഡിപ്പിച്ച നാല് പ്രതികളേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

സംഭവത്തെക്കുറിച്ച് പെൺകുട്ടിയുടെ സഹോദരൻ പോലീസിന് നൽകിയ മൊഴി ഇപ്രകാരമാണ്. അമ്മയും സഹോദരിയും മൂത്ത ചേട്ടനും കൂടി പുല്ലുവെട്ടാനായി പോയതായിരുന്നു. ചേട്ടൻ ഒരു കെട്ട് പുല്ലുമായി തിരികെ വന്നെങ്കിലും അമ്മയും സഹോദരിയും അവിടെ നിന്നു. ബാജ്റ വിളകൾക്ക് സമീപമായിരുന്നു പുല്ലുവെട്ടിയിരുന്നത്. അമ്മ സ്ഥലത്ത് നിന്ന് ഒന്നു മാറിയപ്പോൾ നാലഞ്ച് പേർ പുറകിൽ കൂടി എത്തി സഹോദരിയുടെ ദുപ്പട്ട കഴുത്തിൽ ചുറ്റി അവളെ ബാജ്‌റ പാടത്തിനുള്ളിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു.

കേസിൽ പോലീസ് ഇടപെടാൻ വൈകിയെന്നും കുടുംബം ആരോപിച്ചിട്ടുണ്ട്. എന്നാൽ പോലീസ് ഇത് നിഷേധിച്ചു. ആദ്യം ഒരാളെ അറസ്റ്റു ചെയ്‌തെന്നും അയാളിൽ നിന്നു കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മറ്റ് മൂന്ന് പേരെയും ഉടൻ അറസ്റ്റ് ചെയ്തതായും പോലീസ് പറഞ്ഞു. അന്വേഷണം എത്രയും വേഗം പൂർത്തിയാക്കുമെന്നും കേസ് അതിവേഗ കോടതിക്ക് വിടാൻ ശുപാർശ ചെയ്തിട്ടുണ്ടെന്നും യുപി പോലീസ് ട്വിറ്ററിൽ പറഞ്ഞു.

Most Popular