ഹൃദയാഘാതം; തെലുങ്ക് നടന്‍ നന്ദമൂരി താരകരത്‌ന അന്തരിച്ചു

ഹൈദരാബാദ്: തെലുങ്ക് നടന്‍ നന്ദമൂരി താരകരത്‌ന അന്തരിച്ചു. 40 വയസായിരുന്നു. തെലുങ്ക് ഇതിഹാസവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന എന്‍ടിആറിന്റെ ചെറുമകനാണ് താരകരത്‌ന. നന്ദമൂരി ഇരുപത്തി മൂന്ന് ദിവസമായി ബംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നാരാ ലോകേഷ് നയിക്കുന്ന യുവഗളം പദയാത്രയ്ക്കിടെ ചിറ്റൂര്‍ ജില്ലയില്‍ വച്ചായിരുന്നു നന്ദമൂരിക്ക് ശാരീരിക അസ്വാസ്ഥ്യമുണ്ടായത്.

ടിഡിപി ജനറല്‍ സെക്രട്ടറി നാരാ ലോകേഷിന്‍റെ യുവഗലം എന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കുഴഞ്ഞു വീണ അദ്ദേഹം ബെഗംളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞ 23 ദിവസമായി ചികിത്സയിലായിരുന്നു.

ബന്ധു കൂടിയായ നാരാ ലോകേഷിന്‍റെ പദയാത്ര തുടങ്ങിയ ശേഷം സംഘാംഗങ്ങള്‍ക്കൊപ്പം ലക്ഷ്മിപുരം ശ്രീ വരദരാജ സ്വാമി ക്ഷേത്രത്തിലെ പൂജയിലും ഒരു പള്ളിയില്‍ നടന്ന ചടങ്ങിലും നടന്‍ പങ്കെടുത്തിരുന്നു. അവിടെ നിന്നും പുറത്തുവരുന്നതിനിടെയാണ് അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായത്.

നായകനായും വില്ലനായും തെലുങ്ക് സിനിമയില്‍ സജീവമായി തുടര്‍ന്ന താരമാണ് നന്ദമുരി താരകരത്ന. ഒകടോ നമ്പര്‍ കുര്‍റാഡു എന്ന സിനിമയിലൂടെയാണ് ഇദ്ദേഹം സിനിമയില്‍ സജീവമായത്. താരക്, ഭദ്രി രാമുഡു, മനമന്ത, രാജാ ചെയ്യി വെസ്‌തേ എന്നിവയാണ് പ്രധാന ചിത്രങ്ങള്‍. അലേഖ്യ റെഡ്ഡിയാണ് ഭാര്യ. ഒരു മകളുണ്ട്.
­