Monday, July 26, 2021
Home News Kerala കേരളത്തില്‍ അതിതീവ്രമഴ ഇന്നും തുടരും

കേരളത്തില്‍ അതിതീവ്രമഴ ഇന്നും തുടരും

തിരുവനന്തപുരം: കേരളത്തില്‍ കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന അതിതീവ്രമഴ ഇന്നും തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം. സംസ്ഥാനത്ത് ഇന്ന് ഒരു ജില്ലയിലും റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും നാല് ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ട് നിലവിലുണ്ട്. ആലപ്പുഴ, എറണാകുളം, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലെര്‍ട്ട്. മലയോര മേഖലകളിലും മഴ കനത്തേക്കും.

തിരുവനന്തപുരം, പാലക്കാട് ജില്ലകള്‍ ഒഴികെയുള്ള മറ്റ് ജില്ലകളില്‍ യെല്ലോ അലെര്‍ട്ടും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്നുണ്ട്. മണിക്കൂറില്‍ 50 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ കേരളാ തീരങ്ങളില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം ചൂണ്ടിക്കാട്ടുന്നു. കാറ്റിന്റെ പശ്ചാത്തലത്തില്‍ മൂന്നര മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ആഞ്ഞടിച്ചേക്കും. മീന്‍പിടുത്തക്കാര്‍ കടലില്‍ പോകരുത്.

കേരളത്തില്‍ മഴ ശക്തമാകാന്‍ ഇടയാക്കിയ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ഒഡീഷ തീരത്തേക്ക് നീങ്ങുകയാണ്. ഇതോടെ നാളെ മുതല്‍ കേരളത്തില്‍ മഴ കുറയുമെന്നാണ് വിലയിരുത്തല്‍.

അതേസമയം, മഴക്കെടുതി ഇത്തവണ രൂക്ഷമായി ബാധിച്ച കോട്ടയം ജില്ലയില്‍ മഴ കുറഞ്ഞതോടെ വെള്ളമിറങ്ങിത്തുടങ്ങിയിട്ടുണ്ട്. പാല കോട്ടയം ഉള്‍പ്പെടെയുള്ള ഭാഗങ്ങളിലാണ് വെള്ളക്കെട്ട് ഒഴിയുന്നത്. എന്നാല്‍ കുമരകം തിരുവാര്‍പ്പ് മേഖലകളില്‍ ഇപ്പോഴും വെള്ളക്കെട്ട് തുടരുകയാണ്. ജില്ലയില്‍ ഇതിനോടകം അയ്യായിരത്തിലധികം പേരെ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്.

മഴ ശക്തമായതിനെ തുടര്‍ന്ന് തുറന്ന പമ്പാ അണക്കെട്ടിന്റെ ആറു ഷട്ടറുകളും ഇന്ന് പുലര്‍ച്ചയോടെ അടച്ചു. ഇതോടെ പത്തനംതിട്ട ജില്ലയില്‍ ആശങ്കയൊഴിഞ്ഞു തുടങ്ങി. അണക്കെട്ടിലെ ജലനിരപ്പ് 982.80 മീറ്ററായി കുറഞ്ഞിട്ടുണ്ട്. പമ്പാ നദിയുടെ തീരത്ത് വലിയ മുന്നൊരുക്കങ്ങള്‍ നടത്തിയായിരുന്നു പമ്പ നദിയുടെ ആറ് ഷട്ടറുകള്‍ ഘട്ടം ഘട്ടമായി രണ്ട് അടി വീതം ഉയര്‍ത്തിയത്.

കനത്ത മഴയ്ക്കിടെ മുല്ലപ്പെരിയാര്‍ ഡാമില്‍ ജല നിരപ്പ് 136 അടിയായി ഉയര്‍ന്നു. ഇതിന്റെ ഭാഗമായി ഒന്നാമത്തെ ജാഗ്രതാനിര്‍ദ്ദേശം തമിഴ്‌നാട് നല്‍കിയിട്ടുണ്ട്. തമിഴ്‌നാടിന്റെ രണ്ടാമത്തെ ജാഗ്രതാനിര്‍ദ്ദേശം വന്നാലുടന്‍ സമീപം താമസിക്കുന്ന, 500 കുടുംബങ്ങളിലെ രണ്ടായിരത്തോളം പേരെ ഒഴിപ്പിക്കും. 12 ക്യാമ്പുകള്‍ സജ്ജമാക്കിയിട്ടുണ്ട്. മൂന്നാമത്തെ ജാഗ്രതാ നിര്‍ദ്ദേശം വന്നാല്‍ ഷട്ടറുകള്‍ തുറക്കും. 142 അടിയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി. ഏത് സമയവും സ്പില്‍വേ ഷട്ടറുകള്‍ തുറക്കാന്‍ സാധ്യതയുള്ളതിനാല്‍ പെരിയാര്‍ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചിട്ടുണ്ട്.

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 136 അടിയായി ഉയര്‍ന്നാല്‍ വെള്ളം തുറന്നുവിട്ട് വൈഗയിലേയ്ക്ക് തിരിച്ചുവിടണമെന്ന് കേരളം തമിഴ്‌നാടിനോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് കേരള ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത, തമിഴ്‌നാട് ചീഫ് സെക്രട്ടറി കെ ഷണ്‍മുഖന് കഴിഞ്ഞ ദിവസം കത്ത് നല്‍കിയിരുന്നു. എന്നാല്‍ തമിഴ്‌നാടിന്റെ ഭാഗത്ത് നിന്ന് ഇക്കാര്യത്തില്‍ വ്യക്തമായ അറിയിപ്പ് വന്നിട്ടില്ല. സ്പില്‍വേ ഷട്ടറുകളിലേയ്ക്ക് വെള്ളമൊഴുകിത്തുടങ്ങിയിട്ടുണ്ട്.

Most Popular