ഹെലികോപ്ടർ അപകടത്തിന് തൊട്ടുമുൻപ് എടുത്ത ദൃശ്യങ്ങൾ പൊലീസിന് കൈമാറി നാസറും ജോയും; സംഭവത്തെ കുറിച്ച്‌ ഇരുവര്‍ക്കും പറയാനുള്ളത് ഇങ്ങനെ

കോയമ്ബത്തൂര്‍: സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 13 പേരുടെ മരണത്തിന് ഇടയാക്കിയ ഹെലികോപ്റ്റര്‍ അപകടം സംബന്ധിച്ച വീഡിയോ സാമൂഹ്യമാധ്യമങ്ങളിലുടനീളം പ്രചരിച്ചിരുന്നു. എന്നാൽ ഇത് യഥാർത്ഥ വീഡിയോ ആണോ എന്ന കൺഫ്യൂഷനും പോലീസിനുണ്ടായി. കഴിഞ്ഞ ദിവസം ദൃശ്യങ്ങള്‍ പകര്‍ത്തിയ യുവാക്കള്‍ നേരിട്ട് ഈ ദൃശ്യങ്ങള്‍ പൊലീസിന് കൊമാറുകയായിരുന്നു. ഇതോടെ ദൃശ്യങ്ങള്‍ സൈനിക ഹെലികോപ്റ്റര്‍ അപകടത്തില്‍ പെടുന്നതിന് തൊട്ട് മുമ്ബ് ചിത്രീകരിച്ചതെന്ന് വ്യക്തമായിരിക്കുകയാണ്. പൊലീസ് ഈ ദൃശ്യങ്ങള്‍ സേനക്ക് കൈമാറും.

രാമനാഥപുരം തിരുവള്ളൂര്‍ നഗര്‍ സ്വദേശികളായ ജോ (കുട്ടി), സുഹൃത്ത് നാസര്‍ എന്നിവരാണ് 19 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വിഡിയോ പകര്‍ത്തിയത്. ഹെലികോപ്റ്റര്‍ താഴ്ന്നു പറന്നു മൂടല്‍മഞ്ഞിനകത്തേക്കു മറയുന്ന ദൃശ്യമാണു ജോയുടെ മൊബൈലിലുള്ളത്. പിന്നീട് ഹെലികോപ്റ്റര്‍ എവിടെയോ തട്ടുന്ന വലിയ ശബ്ദവും കേള്‍ക്കാം. ഇതു സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇന്നലെ കോയമ്ബത്തൂര്‍ സിറ്റി പൊലീസ് കമ്മിഷണറുടെ ഓഫിസിലെത്തിയാണ് ഇരുവരും ഈ ദൃശ്യങ്ങള്‍ കൈമാറിയത്.

സംഭവത്തെക്കുറിച്ചു ജോ പറയുന്നതിങ്ങനെ : എട്ടിനു കുടുംബസമേതം ഊട്ടി കാണാനെത്തിയ ഞങ്ങള്‍ കൂനൂരില്‍ റെയില്‍വേ ട്രാക്കിലൂടെ നടക്കുന്നതിനിടെയാണു ഹെലികോപ്റ്റര്‍ താഴ്ന്നു പറക്കുന്നതു കണ്ടത്. കൗതുകം തോന്നി ദൃശ്യം ഫോണില്‍ പകര്‍ത്തി. മഞ്ഞിനകത്തേക്കു ഹെലികോപ്റ്റര്‍ മറഞ്ഞു. പിന്നീട് വലിയ ശബ്ദവും കേട്ടു. സുഹൃത്തായ നാസര്‍ ‘അതു തകര്‍ന്നു വീണോ’ എന്നു ചോദിച്ചു. ഞങ്ങള്‍ ആകെ ഭയപ്പെട്ടു-ജോ പറയുന്നു.

മൊബൈല്‍ റേഞ്ചില്ലായിരുന്നു. പിന്നീട് യാത്രാമധ്യേ പൊലീസിനെ കണ്ടു വിവരം പറഞ്ഞു. ദൃശ്യവും കൈമാറി. അതു രാജ്യത്തെ നടുക്കിയ വലിയ ദുരന്തമായിരുന്നു എന്നു പിന്നീടാണറിഞ്ഞതെന്ന് ജോ വിശദീകരിക്കുന്നു. ദൃശ്യങ്ങളില്‍ ഹെലികോപ്റ്റര്‍ മൂടല്‍മഞ്ഞിലേക്ക് പറക്കുന്നത് കാണാം. റെയില്‍വേ പാളത്തിലൂടെ വിദ്യാര്‍ത്ഥികളെന്ന് തോന്നിക്കുന്ന സംഘം നടന്നുവരുമ്ബോഴാണ് ഹെലികോപ്ടര്‍ കാണുന്നത്. കോടമഞ്ഞിലേക്ക് ഹെലികോപ്ടര്‍ മായുന്നതും പിന്നാലെ എന്തിലോ ഇടിച്ചു തകരുന്ന ശബ്ദവും കേള്‍ക്കുന്നു-ഈ വീഡിയോ വൈറലായിരുന്നു.

വലിയ ശബ്ദം കേട്ട് ‘ഉടഞ്ചിരിച്ചാ.. എന്നാണ് കൂട്ടത്തിലൂള്ളവര്‍ പറയുന്നത്. ഹെലികോപ്റ്റര്‍ തകര്‍ന്നെന്ന് നാട്ടുകാര്‍ പറയുന്നതും ദൃശ്യങ്ങളിലുണ്ട്. ദൃശ്യങ്ങള്‍ തെളിവായി അന്വേഷണ സംഘം ശേഖരിച്ചു. 19 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. കോടമഞ്ഞാണ് അപകടത്തിന് ഇടയാക്കിയതെന്ന് വ്യക്തമാക്കുന്ന വീഡിയോകളാണ് പുറത്തുവരുന്നത്. അപകടകാരണം കണ്ടെത്താനായി വിങ് കമാന്‍ഡന്‍ ഭരദ്വാജിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പരിശോധനയും തുടരുകയാണ്. 25 അംഗ പ്രത്യേക വ്യോമസേനാ സംഘം ഹെലികോപ്റ്റര്‍ അവശിഷ്ടങ്ങള്‍ ഉള്‍പ്പടെ വിശദമായി പരിശോധിച്ചുവരികയാണ്. ഹെലികോപ്റ്ററിന്റെ ഫ്‌ളൈറ്റ് ഡേറ്റ റെക്കോര്‍ഡര്‍ കണ്ടെത്തിയിരുന്നു.

ബിപിന്‍ റാവത്ത് ഉള്‍പ്പടെയുള്ള 14 പേര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ ബുധനാഴ്ച ഉച്ചയ്ക്കാണ് കൂനൂര്‍ കാട്ടേരിയിലെ നഞ്ചപ്പഛത്രത്ത് തകര്‍ന്നുവീണത്. അപകടത്തില്‍ 13 പേരും മരണപ്പെട്ടിരുന്നു. രക്ഷപ്പെട്ട ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ് അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. നീലഗിരി കുന്നൂരിനടുത്ത കാട്ടേരി വനഭാഗത്തോടു ചേര്‍ന്ന തോട്ടത്തിലെ മലഞ്ചരിവില്‍, നഞ്ചപ്പന്‍ചത്തിരം കോളനിക്കു സമീപമാണ് കോപ്ടര്‍ നിലംപതിച്ചത്. തമിഴ്‌നാട് സര്‍ക്കാറിനു കീഴിലുള്ള ഹോര്‍ട്ടികള്‍ചര്‍ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള തോട്ടമാണിത്. വന്മരങ്ങള്‍ക്കു മുകളില്‍ വന്‍ശബ്ദത്തോടെ തകര്‍ന്നുവീണയുടന്‍ കോപ്ടറിന് തീപിടിച്ചു. കോപ്ടറിന്റെ ഭാഗങ്ങള്‍ ചിന്നിച്ചിതറി.

എസ്റ്റേറ്റ് തൊഴിലാളികളും സമീപവാസികളും ഓടിയെത്തിയെങ്കിലും തീ ആളിക്കത്തിയതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം നേരിട്ടു. അഗ്നിശമന വിഭാഗങ്ങളും പൊലീസ്-പട്ടാള യൂനിറ്റുകളുമെത്തുന്നതിനു മുമ്ബ് നാട്ടുകാര്‍ തീയണക്കാന്‍ വിഫലശ്രമം നടത്തി. കോപ്ടര്‍ ടാങ്കറിലെ ഇന്ധനത്തിന് തീപിടിച്ചതായാണ് വിവരം. സംഭവം നടന്ന് ഒന്നര മണിക്കൂറിനുശേഷമാണ് ഫലപ്രദമായി തീയണക്കാനും രക്ഷാപ്രവര്‍ത്തനം നടത്താനും കഴിഞ്ഞത്. കാട്ടേരി നഞ്ചപ്പന്‍ചത്തിരം കോളനിയില്‍ 50ഓളം തൊഴിലാളി കുടുംബങ്ങള്‍ മാത്രമാണ് താമസിക്കുന്നത്. കോളനിയില്‍നിന്ന് 100 മീറ്റര്‍ അകലെയാണ് കോപ്ടര്‍ തകര്‍ന്നുവീണത്.

അപകടത്തില്‍ കൊല്ലപ്പെട്ട സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന്റെയും ഭാര്യയുടെയും സംസ്കാര ചടങ്ങുകള്‍ ഇന്നലെ നടത്തിയിരുന്നു. ഡല്‍ഹിയിലെ ബ്രാര്‍ സ്ക്വയറിലായിരുന്നു സമ്ബൂര്‍ണ സൈനിക ബഹുമതികളോടെ സംസ്കാര ചടങ്ങുകള്‍ നടന്നത്. അതിനിടെ, അപകടത്തില്‍ മരിച്ച മലയാളി സൈനികന്‍ പ്രദീപ് കുമാറിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. രാവിലെ 11 മണിയോടെ കോയമ്ബത്തൂരിലെ സൈനിക കേന്ദ്രത്തില്‍ എത്തിക്കുന്ന മൃതദേഹം ഉച്ചയോടെ ജന്മനാടായ തൃശൂര്‍ പൊന്നൂക്കരയിലേക്ക് പുറപ്പെടും.

പ്രദീപ് പഠിച്ച പുത്തൂര്‍ സര്‍ക്കാര്‍ സ്കൂളില്‍ പൊതുദര്‍ശനം നടക്കും. വൈകിട്ടോടെ സംസ്കാര ചടങ്ങുകള്‍ നടക്കും. കേന്ദ്ര സഹമന്ത്രി മുരളീധരന്‍, സംസ്ഥാന റവന്യു വകുപ്പ് മന്ത്രി കെ രാജന്‍ എന്നിവര്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ പ്രതിനിധീകരിച്ച്‌ പങ്കെടുക്കും. കോയമ്ബത്തൂരില്‍ നിന്നും പ്രദീപിന്‍റെ ഭാര്യ ലക്ഷ്‌മിയും മക്കളും കഴിഞ്ഞ ദിവസം രാത്രി തന്നെ പൊന്നുകരയിലെ വീട്ടില്‍ എത്തിയിരുന്നു.

പൊന്നുകരയിലെ പ്രദീപിന്റെ വീട്ടിലേക്ക് സന്ദര്‍ശകരുടെ ഒഴുക്കാണ്. ജോലിക്കായി നാട്ടില്‍ നിന്ന് മാറി നിന്നപ്പോഴും കൂട്ടുകാരുമായി നല്ല ബന്ധം പ്രദീപ് കാത്തുസൂക്ഷിച്ചിരുന്നു. നാട്ടിലെ കലാ – കായിക പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കിയിരുന്നു. രോഗിയായ അച്ഛന്‍ രാധാകൃഷ്ണനെ ഇതുവരെ മരണ വിവരം അറിയിച്ചിട്ടില്ല. അമ്മ കുമാരിയും അടുത്ത ബന്ധുക്കളുമാണ് വീട്ടില്‍ ഉള്ളത്.

തൃശൂര്‍ പുത്തൂര്‍ സ്വദേശിയായ പ്രദീപ് അറക്കല്‍ 2004ലാണ് സൈന്യത്തില്‍ ചേര്‍ന്നത്. പിന്നീട് എയര്‍ ക്രൂ ആയി തെരഞ്ഞെടുക്കപ്പെട്ടു. രാജ്യത്തിന്റെ മിക്കയിടത്തും ജോലി ചെയ്തിട്ടുണ്ട്. ഛത്തീസ്ഗഢിലെ മാവോയിസ്റ്റുകള്‍ക്കെതിരെയുള്ള ഓപ്പറേഷനിലും പങ്കെടുത്തു. സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 13 പേര്‍ കൊല്ലപ്പെട്ട ഹെലികോപ്ടര്‍ ദുരന്തത്തിലാണ് പ്രദീപും വിടപറഞ്ഞത്. ഹെലികോപ്ടറിന്റെ ഫ്‌ളൈറ്റ് ഗണ്ണര്‍ ആയിരുന്നു പ്രദീപ്.