Thursday, July 29, 2021
Home News International ബ്രസീലിൽ സ്വിമ്മിംഗ് പൂളിൽ മുങ്ങിപ്പോയ സുഹൃത്തിനെ രക്ഷപ്പെടുത്തി ഹീറോ ആയി മൂന്ന് വയസ്സുകാരൻ 

ബ്രസീലിൽ സ്വിമ്മിംഗ് പൂളിൽ മുങ്ങിപ്പോയ സുഹൃത്തിനെ രക്ഷപ്പെടുത്തി ഹീറോ ആയി മൂന്ന് വയസ്സുകാരൻ 

ബ്രസീലിയ: സ്വിമ്മിംഗ് പൂളിൽ മുങ്ങിപ്പോയ തന്റെ സുഹൃത്തിനെ രക്ഷിച്ച് ഹീറോ ആയിരിക്കുകയാണ് മൂന്ന് വയസ്സുകാരൻ. ബ്രസീലിൽ നിന്നുള്ള ആർതർ ഡി ഒലിവേരയെന്ന മൂന്ന് വയസ്സുകാരൻ തന്റെ സുഹൃത്തിനെ നീന്തൽക്കുളത്തിൽ നിന്ന് രക്ഷപ്പെടുത്തുന്നത് വീട്ടിലെ നിരീക്ഷണ ക്യാമറ പകർത്തുകയായിരുന്നു. ഇതോടെ ആർതറിന് ഹീറോ പരിവേഷം ലഭിച്ചിരിക്കുകയാണ്.

റിയോ ഡി ജനീറോയിലെ ഇറ്റാപെരുനയിലാണ് സംഭവം. കളിച്ചു കൊണ്ടിരിക്കെ കളിപ്പാട്ടം നീന്തൽക്കുളത്തിൽ വീണതിനെ തുടർന്ന് വെള്ളത്തിനടുത്തേക്ക് പോയ കുട്ടി അതിലേക്ക് വീഴുകയായിരുന്നു. ഇതു കണ്ട കുഞ്ഞ് ആർതർ സഹായത്തിനായി ചുറ്റും നോക്കിയെങ്കിലും ആരെയും കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് സ്വയം രക്ഷാപ്രവർത്തനം ഏറ്റെടുക്കുകയായിരുന്നു. സുഹൃത്തിനെ പിടിച്ചു പൊക്കാൻ പ്രയാസപ്പെടുമ്പോഴും പാവം ചുറ്റും നോക്കുന്നുണ്ട്. ആരും വന്നില്ലെങ്കിലും സുഹൃത്തിന്റെ ജീവൻ കൈവിടാൻ ആർതർ തയ്യാറായിരുന്നില്ല.

ആർതറിന്റെ അമ്മ പോളിയാന കൺസോൾ ഡി ഒലിവേര സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോ വൈറലാവുകയായിരുന്നു. ‘ഇത് 30 സെക്കന്റിൽ ഉണ്ടായ ഒരു അശ്രദ്ധയായിരുന്നു. എളുപ്പത്തിൽ തീരുമാനമെടുക്കാൻ എന്റെ മകൻ കാണിച്ച ധൈര്യത്തെ ഞാൻ അഭിനന്ദിക്കുന്നു’. വീഡിയോ പങ്കുവെച്ച് കൊണ്ട് അവന്റെ അമ്മ സോഷ്യൽ മീഡിയയിൽ കുറിച്ചു.

സംഭവശേഷം എന്തു കൊണ്ടാണ് ആരെയും വിളിക്കാതിരുന്നതെന്ന് മകനോട് ചോദിച്ച അമ്മയെ ഞെട്ടിച്ചുകൊണ്ട് ആർതർ പറഞ്ഞത് “എന്റെ സുഹൃത്തിനെ രക്ഷിക്കാനായി ആരെയെങ്കിലും അനേഷിച്ചു പോയിരുന്നെങ്കിൽ അവനിന്ന് ജീവനോടെ കാണുമായിരുന്നില്ല” എന്നാണ്.

ആർതറിന്റെ ഈ ധീരകൃത്യത്തെ പ്രശംസിക്കാനായി 29ാമത് മിലിട്ടറി പോലീസ് ബറ്റാലിയൻ അവരുടെ വീട്ടിൽ സർപ്രൈസ് സന്ദർശനം നടത്തി. കൂടാതെ, ഒരു പുതിയ ബാസ്കറ്റ് ബോളും, ഒരു കുട്ട നിറയെ സ്വീറ്റ്‌സും സമ്മാനിച്ചു. ‘From a hero to a hero’ എന്ന സർട്ടിഫിക്കറ്റും കൈമാറിയാണ് അവർ തിരിച്ചു പോയത്.

Most Popular