Tuesday, June 22, 2021
Home News National നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ കോണ്‍ഗ്രസ്; പ്രചാരണസമിതി ചെയര്‍മാനെ ഉടന്‍ തീരുമാനിക്കും

നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ കോണ്‍ഗ്രസ്; പ്രചാരണസമിതി ചെയര്‍മാനെ ഉടന്‍ തീരുമാനിക്കും

ന്യൂഡല്‍ഹി: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിന് തയ്യാറെടുക്കാന്‍ കോണ്‍ഗ്രസ്. തിരഞ്ഞെടുപ്പ് പ്രചാരണസമിതി ചെയര്‍മാനെ വൈകാതെ തീരുമാനിക്കും. ഉമ്മന്‍ചാണ്ടി, കെ. സുധാകരന്‍, കെ. മുരളീധരന്‍ എന്നിവരാണ് ഹൈക്കമാന്‍ഡിന്റെ സജീവ പരിഗണനയിലുളളത്. ഡിസിസി തലങ്ങളില്‍ അഴിച്ചുപണിയുണ്ടായേക്കും.

ഡല്‍ഹിയിലുളള കേരളനേതാക്കളുമായി ഹൈക്കമാന്‍ഡ് കൂടിയാലോചനകള്‍ ആരംഭിച്ചിട്ടുണ്ട്. പ്രചാരണസമിതി അധ്യക്ഷനെ കണ്ടെത്തുന്നതിന് വേണ്ടിയുളള ചര്‍ച്ചകളാണ് പുരോഗമിക്കുന്നത്. കേരളത്തിലെങ്ങും ഒരുപോലെ സ്വാധീനമുളള ഒരു നേതാവ് പ്രചാരണസമിതി അധ്യക്ഷനായി വരണം എന്നതാണ് ഹൈക്കമാന്‍ഡിന്റെ താല്‍പര്യം.

തദ്ദേശ തിരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ ഡിസിസികളിലും അഴിച്ചുപണിയുണ്ടായേക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് ഡിസിസി അധ്യക്ഷന്മാരെ മാറ്റുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. ഈ ജില്ലകളിലെ അധ്യക്ഷന്മാരുടെ പ്രകടനം അത്ര മെച്ചമല്ല എന്നതാണ് പൊതുവേയുളള വിലയിരുത്തല്‍.

ഇതിന് പുറമേ, അധ്യക്ഷന്മാര്‍ ഇരട്ടപദവി വഹിക്കുന്ന ജില്ലകളായ എറണാകുളത്തെ ടി.ജെ. വിനോദിനെയും പാലക്കാട് വി.കെ. ശ്രീകണ്ഠനെയും വയനാട്ടിലെ ഐ.സി. ബാലകൃഷ്ണനെയും മാറ്റുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്. ജനുവരി ആദ്യവാരത്തോടെ ഇക്കാര്യങ്ങളില്‍ തീരുമാനമാകുമെന്നാണ് സൂചന.

Most Popular