ഇടുക്കി: ഇടുക്കി രാജമല പെട്ടിമുടിയിൽ ഇന്ന് പുലർച്ചെയുണ്ടായ മണ്ണിടിച്ചിലിൽ മരണം 15 ആയി. 30 മുറികളുള്ള നാല് ലയങ്ങളാണ് മണ്ണിടിച്ചിലിൽ പൂർണമായി തകർന്നത്. പരിക്കേറ്റ 12 പേരിൽ നാല് പേരുടെ നില ഗുരുതരമായി തുടരുന്നു. ഇവരിൽ രണ്ട് പേരെ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. 51 പേരെയാണ് ഇനിയും കണ്ടെത്താനുള്ളതെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. 78 പേരാണ് ഈ ലയങ്ങളിൽ താമസിച്ചിരുന്നത്.
അതേസമയം, ഇടുക്കി ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ദുഃഖം രേഖപ്പെടുത്തി. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും അടിയന്തരധനസഹായം നൽകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് സഹായം അനുവദിക്കുക.
കേരളത്തിൽ എല്ലായിടത്തും മഴയുടെ ശക്തി അതിതീവ്രമായി തുടരുകയാണ്. മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണം. റാന്നി മാമുക്കിൽ വെള്ളം കയറിയതിനെ തുടർന്ന് പുനലൂർ റോഡ് അടച്ചു. ത്രിവേണി പാലത്തിന് മുകളിലൂടെ പമ്പ കുത്തിയൊഴുകുന്നു. പമ്പയിൽ മണിക്കൂറിൽ ഒരു മീറ്റർ എന്ന നിലയിലാണ് വെള്ളം പൊങ്ങുന്നത്.
കോഴിക്കോട് കക്കയം ഡാമിന്റെ ഷട്ടർ ഉയർത്തിയതിനാൽ കുറ്റ്യാടി പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. സംസ്ഥാനത്ത് മിക്കയിടങ്ങളിലും ക്യാമ്പുകൾ ആരംഭിച്ചു. രാത്രി മഴ കൂടുതൽ ശക്തമാകുമെന്ന് കാലാവസ്ഥാ പ്രവചനകേന്ദ്രം അറിയിച്ചതിനാൽ കോട്ടയം, പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു.